അധ്യക്ഷനായ ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഖാർഗെ പറഞ്ഞത്!

By Web TeamFirst Published Dec 4, 2022, 6:43 PM IST
Highlights

ഉത്തരവാദിത്തം മുകളില്‍ നിന്ന് താഴേ തട്ട് വരെ ഒരു പോലെയാണ്

ദില്ലി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റിയിൽ സംഘടനാപരമായ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചയാണ് നടന്നത്. സംഘടനാ ദൗര്‍ബല്യത്തിനെതിരെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചും ഖാർഗെ ആമുഖ പ്രസംഗത്തിൽ പരാമർശം നടത്താൻ മറന്നില്ല. ഭാരത് ജോഡ‍ോ യാത്ര വലിയ വിജയമാണെന്ന സന്ദേശമാണ് അദ്ദേഹം പകർന്നു നൽകിയത്. ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്‍റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു എന്ന് പറ‍ഞ്ഞ ഖാർഗെ, ഒരു കാലത്ത് കോൺഗ്രസിന്‍റെ വിമർശകരായിരുന്നവർ പോലും യാത്രക്കൊപ്പം ചേരുന്ന കാര്യവും ചൂണ്ടികാട്ടി. ഭാരത് ജോഡോ യാത്രയെ നോക്കികാണുന്നവർ ഇക്കാര്യങ്ങൾ കാണാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം സംഘടനാ ദൗര്‍ബല്യം പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങളും പാർട്ടിക്ക് മുന്നിൽ ദേശീയ അധ്യക്ഷൻ മുന്നോട്ടുവച്ചു. ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴോട്ടുള്ളവര്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.സംഘടന സംവിധാനം താഴേ തട്ടില്‍ ശക്തമല്ലെങ്കില്‍ നേതൃത്വത്തിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിക്ക് ഇങ്ങനെ മുന്‍പോട്ട് പോകാനാവില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്. ഉത്തരവാദിത്തം മുകളില്‍ നിന്ന് താഴേ തട്ട് വരെ ഒരു പോലെയാണ്. ചുമതലകളുള്ളവര്‍ അവരുടെ കടമകള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മ പരിശോധന നടത്തണം. ചുമതല നല്‍കിയ പ്രദേശങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പത്ത് ദിവസമെങ്കിലും നില്‍ക്കുന്നുണ്ടോയെന്നും ഖര്‍ഗെ ചോദിച്ചു.

തരൂരിനെ ചൊല്ലി കോൺഗ്രസിനെതിരായ ലീഗ് വിമർശനം; നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ

സംഘടനക്ക് ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ എന്നും ഖാർഗെ ചൂണ്ടികാട്ടി. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു തയ്യാറെടുപ്പും താഴേതട്ടില്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് കൂടി ഖര്‍ഗെ പറഞ്ഞു വച്ചു. പി സി സി, ഡി സി സി തലങ്ങളില്‍ പാര്‍ട്ടി ശക്തമാകണം. ഉത്തരവാദിത്തം നല്‍കിയവര്‍ അവരുടെ കടമ നിര്‍വഹിക്കുന്നില്ലെങ്കില്‍ പുതിയ ആളുകള്‍ കടന്ന് വരുമെന്ന് കൂടി ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി. സംഘടന ശാക്തീകരണത്തിന് എന്ത് നടപടി സ്വീകരിച്ചു, മുന്‍പിലുള്ള പദ്ധതികളെന്തെല്ലാം തുടങ്ങിയ വിവരങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ അറിയിക്കണമെന്ന് പി സി സികള്‍ക്ക് ഖര്‍ഗെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഉദയ്പൂര്‍ ചിന്തന്‍ ശിബിരം നടന്നിട്ടും പാര്‍ട്ടിക്ക് ഉണര്‍വില്ല, പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ ശേഷവും കാര്യങ്ങള്‍ പഴയപടി തന്നെ തുടങ്ങി വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴാണ് ഖര്‍ഗെ നിലപാട് കടുപ്പിക്കുന്നത്. അതേസമയം പദവി അലങ്കാരമായി കൊണ്ടുനടക്കേണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിയതെന്നാണ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

click me!