'പാർട്ടിയെ ചിലർ നശിപ്പിക്കുന്നുവെന്ന് ഖാർഗെ', തിരിച്ചടിച്ച് കപിൽ സിബലും തരൂരും, കോൺഗ്രസിൽ വീണ്ടും പരസ്യപ്പോര്

By Web TeamFirst Published Aug 24, 2021, 12:49 PM IST
Highlights

സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെക്കുറിച്ച് മല്ലികാർജ്ജുന ഖർഗെ ഒരു പരിപാടിയിൽ നടത്തിയ പരാമർശമാണ് തർക്കത്തിനിടയാക്കിയത്.

ദില്ലി: കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത വീണ്ടും പരസ്യമാകുന്നു. പാർട്ടിയെ ചിലർ നശിപ്പിക്കുന്നു എന്ന മല്ലികാർജ്ജുന ഖർഗെയുടെ പ്രസ്താവനയെ ചൊല്ലി പാർട്ടിയിൽ വാക്പോര് മുറുകുന്നു. സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെക്കുറിച്ച് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ഒരു പരിപാടിയിൽ നടത്തിയ പരാമർശമാണ് തർക്കത്തിനിടയാക്കിയത്.

കത്തെഴുതിയവർ പാർട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്നും  പാർട്ടിയ നശിപ്പിക്കാനേ ഇത് ഇടയാക്കൂ എന്നുമായിരുന്നു ഖർഗെയുടെ പരാമർശം. കൊവിഡിൻറെ തുടക്ക കാലത്ത് ഈ നേതാക്കളെ കാണാനില്ലായിരുന്നു. കോൺഗ്രസ് ഈ നേതാക്കൾക്ക് എല്ലാം നൽകിയതാണെന്ന് ഓർക്കണമെന്നും ഖർഗെ പറഞ്ഞിരുന്നു. 

ഇതിനെതിരെ കപിൽ സിബലും ശശി തരൂരുമടക്കമുളള നേതാക്കൾ രംഗത്തെത്തി. പാർട്ടിയെ രക്ഷിക്കാൻ നോക്കുന്നവരെ തള്ളരുതെന്നും പാർട്ടിയെ നശിപ്പിക്കാനല്ല ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. പാർട്ടിക്ക് എല്ലാം നൽകിയവരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഖാർഗെ മറക്കരുതെന്നും സിബൽ കൂട്ടിച്ചേർത്തു. 

നിർഭാഗ്യകരം എന്നാണ് ശശി തരൂർ പ്രസ്താവനയോട് പ്രതികരിച്ചത്. ബിജെപിക്കെതിരെ ഒന്നിച്ചു പോരാടുമ്പോൾ നേതാക്കൾ പരസ്പര ബഹുമാനം കൈവിടരുതെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഒന്നും ചെയ്യാത്തവരെന്ന് പറയും മുമ്പ് ഖർഗെ തന്നോട് സംസാരിക്കണമായിരുന്നു എന്ന് മനീഷ് തിവാരി പ്രതികരിച്ചു. 

പഞ്ചാബിനൊപ്പം ഛത്തീസ്ഗഡ് കോൺഗ്രസിലും ഭിന്നത തുടരുമ്പോഴാണ് ദേശീയതലത്തിലെ ഈ തർക്കം വീണ്ടും പുറത്തുവരുന്നത് രാഹുൽ ഗാന്ധിക്ക് ചുറ്റും നിൽക്കുന്നവരുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ മുതിർന്ന നേതാക്കൾ ഉറച്ചു നില്ക്കുമ്പോഴും ഇത് അവഗണിക്കുന്ന നിലപാടാണ് തൽക്കാലം കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. 

click me!