
ദില്ലി: പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളിൽ അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ''രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവർ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാൻ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാൻ അവർക്ക് സാധിക്കുമോ?'' മമത ബാനർജി രോഷത്തോടെ ചോദിക്കുന്നു.
കോൺഗ്രസ് പാർട്ടിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് കോലാഹലങ്ങൾ സൃഷ്ടിക്കുകയാണെന്നും അവിടെയുള്ള വസ്തുക്കൾക്ക് തീയിടുന്നത് ആരൊക്കെയെന്ന് അവരുടെ വസ്ത്രത്തിൽ നിന്ന് തിരിച്ചറിയാമെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമതയുടെ രൂക്ഷവിമർശനം. പൗരത്വ ബിൽ ഭേദഗതിക്കെതിരെ ബംഗാളിൽ വൻ പ്രതിഷേധമാണ് മമത ബാനർജി സംഘടിപ്പിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമബംഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് മമത ബാനർജിയുടെ നിലപാട്. ഇവ രണ്ടും പിൻവലിക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന പ്രഖ്യാപനവുമായിട്ടാണ് മമത ബംഗാളിൽ കൂറ്റൻ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
''ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ബംഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ല. നിങ്ങൾക്ക് എന്റെ സർക്കാരിനെ പിരിച്ചുവിടുകയോ എന്നെ അഴിക്കുള്ളിലാക്കുകയോ ചെയ്യാം. പക്ഷേ ഈ കരിനിയമം നടപ്പിലാക്കാൻ ഞാൻ സമ്മതിക്കില്ല. ഇവ പിൻവലിക്കുന്നത് വരെ ജനാധിപത്യപരമായി ഞാൻ പോരാടുക തന്നെ ചെയ്യും.'' മമത ബാനർജി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam