
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളർപ്പുണ്ടാക്കാൻ ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി ശ്രമിച്ചു എന്ന് മമത ബാലർജി. ഇന്നലെ ഋതബ്രത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എംഎൽഎമാരുടെ റിബൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നീക്കം നടക്കുന്നുവെന്ന വിവരം കിട്ടിയെന്നും അതുകൊണ്ടാണ് ഇവരെ പുറത്താക്കിയതെന്നും മമത ബാനർജി പറഞ്ഞു. ഋതബ്രതയെ കൂടാതെ എന്‍റെലിയിൽ നിന്നുള്ള എംഎൽഎ സാന്ദീപൻ സാഹയേയും ടിഎംസി ഇന്നലെ പുറത്താക്കിയിരുന്നു. വിട്ടുപോകാൻ സാധ്യതയുള്ള എംഎൽഎമാരെ പിടിച്ചുനിറുത്താൻ മമത എല്ലാ വഴിയും തേടുകയാണ് എന്നാണ് വിവരം. ഋതബ്രതയുമായി ബന്ധപ്പെട്ട എംഎൽഎമാരെ മമത നേരിട്ട് വിളിക്കും. എംപിമാർക്കിടയിലുള്ള പിളർപ്പ് തടയാനും ടിഎംസി നീക്കം ശക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്നാണ് എന്റലിയിൽ നിന്നുള്ള എംഎൽഎ സാന്ദീപൻ സാഹ, ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി എന്നിവരെ തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പുവെച്ച കത്തിലൂടെയാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. ഔദ്യോഗിക നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ ഇരുവരും തുടർച്ചയായി വിട്ടുനിന്നതായും പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തിയതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷ നേതാവായി സോവൻദേബ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ സമർപ്പിച്ച പാർട്ടി കത്തിലെ 'വ്യാജ ഒപ്പ്' വിവാദമാണ് പെട്ടെന്നുള്ള പുറത്താക്കലിലേക്ക് നയിച്ചത്. തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് കാണിച്ച് ഇരുവരും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ വിഷയത്തിൽ വാർത്താസമ്മേളനം നടത്തി മിനിറ്റുകൾക്കകമാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുത്തത്. പാർട്ടി നേതൃത്വത്തെ മറികടന്ന് സ്പീക്കറെ സമീപിച്ച നടപടി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രവും ചിഹ്നവും ഉപയോഗിച്ച് വോട്ട് നേടി ജയിച്ചവരിൽ നിന്നുള്ള വഞ്ചനയാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം 80 തൃണമൂൽ എംഎൽഎമാരിൽ 61 പേരും പാർട്ടി യോഗം ബഹിഷ്കരിച്ചത് തൃണമൂൽ ക്യാമ്പിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam