
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ഹൗറയിലെ ചേരി സന്ദര്‍ശനത്തിന് പിന്നാലെ ചായക്കടയില്‍ കയറി ചായയിട്ട് കൂടെയുള്ളവര്‍ക്ക് നല്‍കിയാണ് ഇത്തവണ വാര്‍ത്തയില്‍ ഇടം നേടിയത്. തീരദേശ പട്ടണമായ ദിഖ സന്ദര്‍ശന വേളയിലായിരുന്നു മമതയുടെ ചായയുണ്ടാക്കല്‍. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
സന്ദര്‍ശനത്തിന്‍റെ ഇടവേളയില്‍ ദത്താപുര്‍ ഗ്രാമത്തിലെത്തിയ മമതാ ബാനര്‍ജി കൂടെയുണ്ടായിരുന്നവര്‍ക്കുമാണ് ചായ തയ്യാറാക്കി നല്‍കിയത്. പ്രദേശവാസികളോട് സംവദിക്കാനും മമത സമയം കണ്ടെത്തി. നാട്ടുകാരിലൊരാളുടെ കുഞ്ഞിനെ എടുത്ത് ലാളിച്ചു. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാനും മമത മറന്നില്ല. ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങളായിരിക്കും ജീവിതത്തില്‍ സന്തോഷം നല്‍കുന്നതെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
കഴിഞ്ഞ ദിവസം ഹൗറയിലെ ചേരിയില്‍ മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശന വേളയില്‍ 400 കുടുംബങ്ങള്‍ക്ക് രണ്ട് കക്കൂസ് മാത്രമുള്ളതില്‍ വകുപ്പ് മന്ത്രിയോട് മമത ക്ഷോഭിക്കുകയും പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പ് തന്ത്ര വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് മമതാ ബാനര്‍ജി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam