'ഹിന്ദു മുസ്ലീം വോട്ട് വിഭജനം അനുവദിക്കില്ല', തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസിനെതിരെ മമത ബാനർജി

By Web TeamFirst Published Apr 9, 2021, 11:43 AM IST
Highlights

10 കാരണം കാണിക്കൽ നോട്ടീസ് അയച്ചാലും മതത്തിന്റെ പേരിൽ വോട്ടർമാരെ വിഭജിക്കാനുള്ള നീക്കം തടയുമെന്ന് മമത...

കൊൽക്കത്ത: ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കരുതെന്ന് മുസ്ലീം വിഭ​ഗത്തോട് ആവശ്യപ്പെട്ടതിന്റെ പേരിൽ‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ പോൾ പാനൽ മനപൂർവ്വമായി അവ​ഗണിക്കുകയാണെന്നും മമത ആരോപിച്ചു. 

10 കാരണം കാണിക്കൽ നോട്ടീസ് അയച്ചാലും മതത്തിന്റെ പേരിൽ വോട്ടർമാരെ വിഭജിക്കാനുള്ള നീക്കം തടയുമെന്ന് മമത പറഞ്ഞു. 'നിങ്ങൾക്ക് (തെരഞ്ഞെടുപ്പ് കമ്മീഷൻ) 10 കാരണം കാണിക്കൽ നോട്ടീസ് അയക്കാം. അപ്പോഴും എന്റെ ഉത്തരം ഇതുതന്നെ ആയിരിക്കും. ഹിന്ദു, മുസ്ലീം വോട്ടുകളിൽ എന്തെങ്കിലും വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ ഞാൻ സംസാരിച്ചുകൊണ്ടിരിക്കും' - മമതാ ബാനർജി പറഞ്ഞു. 

എപ്പോഴും മുസ്ലീം ഹിന്ദു വോട്ടുകളെ കുറിച്ച് പറയുന്ന മോദിക്കതെിരെ എന്താണ് ആരും പരാതി നൽകാത്തത്? നന്ദി​ഗ്രാമിലെ പ്രചാരണത്തിനിടെ മിനി പാക്കിസ്ഥാൻ എന്ന വാക്ക് പല തവണ പറഞ്ഞവർക്കെതിരെ എത്ര പരാതി ലഭിച്ചു ? - സുവേന്ദു അധികാരിക്കെതിരെ മമത ആഞ്ഞടിച്ചു. 

വീണ്ടും മുഖ്യമന്ത്രി കസേരയിലെത്താൻ ബം​ഗാളിലെ ന്യൂനപക്ഷമായ 27 ശതമാനം മുസ്ലീം വോട്ടുകൾ മമത ബാനർജിക്ക് നിർണ്ണായകമാണ്.  ബം​ഗാളിൽ പരീക്ഷണത്തിനിറങ്ങുന്ന അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ഇന്ത്യൻ സെക്യുലർ ഫ്രണ്ടും ബം​ഗാളിലെ ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കുന്നത് ബിജെപിക്ക് ​​​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ ബി- ടീം എന്നാണ് ഒവൈസിയെ മമത വിശേഷിപ്പിക്കുന്നത്. 

click me!