അഞ്ചുവയസുകാരനെ ചവിട്ടി വീഴ്ത്തുകയും കുട്ടികളെ വണ്ടി ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ബെംഗളൂരു: ബെംഗളൂരു ബനശങ്കരിയിലെ ത്യാഗരാജ നഗറിൽ കുട്ടികൾക്ക് നേരെ യുവാവിന്റെ ക്രൂരത. അഞ്ചുവയസുകാരനെ ചവിട്ടി വീഴ്ത്തുകയും കുട്ടികളെ വണ്ടി ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ദൃശ്യങ്ങൾ പ്രചരിച്ച് പ്രതിഷേധം ശക്തമായതോടെ അക്രമം കാട്ടിയ രഞ്ജനെതിരെ പോക്സോ ചുമത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
സിനിമകളിലെ സൈക്കൊ വില്ലന്മാർ കാണിക്കുന്ന ക്രൂരത. കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തുക. എന്നിട്ട് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നടന്നുപോകുക. നെഞ്ചിനും നെറ്റിയിലും പരിക്കേറ്റ കുഞ്ഞിന്റെ അമ്മ പരാതി നൽകിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും മാനസിക രോഗി എന്ന് മുദ്ര കുത്തി വിടാൻ ബെംഗളൂരു ബനശങ്കരി പൊലീസിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഇതിനു പിന്നാലെയാണ് ത്യാഗരാജ നഗറിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്തെത്തിയത്.
വീട്ടിലേക്ക് നടന്നു കയറിയ ഈ പെൺകുട്ടി രഞ്ജൻ എന്ന ക്രിമിനലിൽ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. കുട്ടികളുടെ തലയിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ഒക്കെ ചെയ്യുന്നതിൽ രസം കണ്ടെത്തുകയായിരുന്നു പ്രതി. നേരത്തെ ജിം ട്രെയിനറായിരുന്നു ഇയാൾ. ഇപ്പോൾ പണിയൊന്നുമില്ല. പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പെൺകുട്ടികളെ ഉൾപ്പെടെ ഉപദ്രവിച്ചിട്ടും പോക്സോ ചുമത്താതിരുന്ന ബനശങ്കരി പൊലീസിനെ തള്ളിപ്പറഞ്ഞ ഉദ്യോഗസ്ഥർ കർശന നടപടിക്ക് നിർദേശം നൽകി. അതേസമയം പൊലീസ്, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ രഞ്ജൻ ചെന്നൈയിലേക്ക് കടന്നു.


