
കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം അടുത്ത തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് നേടുമെന്നും അമിത് ഷാ വ്യക്തമാക്കി. '2018ല്‍ കൊല്‍ക്കത്ത പ്രസ്‌ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് നേടുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. ഇപ്പോള്‍ ഞാന്‍ പറയുന്നു അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 200 സീറ്റ് നേടുമെന്ന്. ഇതുകേട്ട് ഈ മുറിയില്‍ ആരും ചിരിക്കുന്നില്ലെന്നത് എനിക്ക് സന്തോഷമാണ്. ഇന്ന് ചിരിക്കാനുള്ള അവസരം എനിക്കാണ്'-അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, തൃണമൂല്‍ മന്ത്രി സുവേന്ദു അധികാരി എന്നിവര്‍ ബിജെപിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അമിത് ഷാ കൃത്യമായ മറുപടി പറഞ്ഞില്ല. എന്തിന് രണ്ട് പേരില്‍ നിര്‍ത്തണം, പട്ടികയില്‍ കൂടുതല്‍ പേരുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ധവളപത്രമിറക്കണമെന്നും 2018 മുതല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ ബംഗാള്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 100 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പല കേസിലും ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.ബന്ധുവിനെ മുഖ്യമന്ത്രിയാക്കാനാണ് മമതയുടെ ആഗ്രഹമെന്നും കുടുംബവാഴ്ച ബംഗാള്‍ ജനത അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ബംഗാളിലെത്തിയത്. അതേസമയം, ഒരുകെട്ട് നുണയുമായാണ് അമിത് ഷാ ബംഗാളിലെത്തിയിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam