Latest Videos

ബിജെപി രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് മമത; ഭവാനിപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

By Web TeamFirst Published Sep 8, 2021, 4:51 PM IST
Highlights

ബിജെപി രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും മമത ആരോപിച്ചു. ബിജെപിയെ തോൽപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുന്നതായും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഭവാനിപൂരിൽ പറഞ്ഞു. 

കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും മമത ആരോപിച്ചു. ബിജെപിയെ തോൽപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുന്നതായും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഭവാനിപൂരിൽ പറഞ്ഞു. സെപ്റ്റംബർ 10 ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും മമത അറിയിച്ചു.

ഭവാനിപൂരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിച്ചു. സ്രിജിബ് ബിശ്വാസ് ആണ് സിപിഎം സ്ഥാനാർത്ഥിയായി മമതയെ നേരിടുക. മമതക്കെതിരായ സ്ഥാനാര്‍ത്ഥിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഭവാനിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തൃണമൂലുമായി ദേശീയ തലത്തില്‍ സഖ്യം ആഗ്രഹിക്കുന്ന സാഹചര്യതത്തിലാണ് കോണ്‍ഗ്രസിന്‍റെ നീക്കം. നേരത്തെ രാഹുലും സോണിയഗാന്ധിയുമായി മമത ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

നന്ദിഗ്രാമില്‍  സുവേന്ദു അധികാരിയോട് തോറ്റ മമതക്ക് ഇത് കലാശപ്പോരാട്ടമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഭവാനിപ്പൂരില്‍ ജയം അനിവാര്യമാണ്. മമതക്ക് വന്‍ ഭൂരിപക്ഷം സമ്മാനിക്കാനായുള്ള പ്രചാരണത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. പ്രചാരണത്തിന് മുന്നാഴ്ചയോളം ലഭിക്കുമെന്നതിനാല്‍ മണ്ഡലത്തില്‍ കാര്യമായ പ്രചാരണം നടത്താന്‍ പാര്‍ട്ടികള്‍ക്ക് അവസരമുണ്ട്.  കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.

മേല്‍ക്കൈ മമതക്കാണെങ്കിലും ഭവാനിപ്പൂരില്‍ വിജയം എളുപ്പമാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. നന്ദിഗ്രാമിലെ മമതയുടെ തോല്‍വിയാണ് ബിജെപിയുടെ ആത്മവിശ്വാസം. മത്സരിക്കുന്നില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കിയെങ്കിലും വലിയ നേതാക്കള്‍ തന്നെ മമതയെ നേരിടാനെത്തിയേക്കുമെന്ന സൂചനയുമുണ്ട്. ഭവാനിപ്പൂരില്‍ വോട്ടെടുപ്പ്  സെപ്റ്റംബർ 30നും വോട്ടെണ്ണല്‍ ഒക്ടോബ‍ർ 3നുമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!