
ദില്ലി: ഇന്ത്യയെ പാക്കിസ്ഥാനോ താലിബാനോ ആക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ മമതാ ബാനർജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂർ മണ്ഡലത്തെ അവർ പാക്കിസ്ഥാനാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടി നൽകുകയായിരുന്നു മമതാ.
''ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയം. നന്ദിഗ്രാമിൽ അവർ പറഞ്ഞു അത് പാക്കിസ്ഥാനാകുമെന്ന്, ഇപ്പോൾ ഭബാനിപൂരിലും അതുതന്നെ പറയുന്നു. ഇത് ലജ്ജാകരമാണ് '' - മമത വ്യക്തമാക്കി.
ഈ വർഷം ആദ്യം പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് മമതാ ബാനർജി പരാചയപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദവി നിലനിർത്താൻ മമതയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചേ മതിയാകൂ.
''എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുയും വേണം. ഇന്ത്യയെ മറ്റൊരു താലിബാൻ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാക്കിസ്ഥാനാക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല'' - മമതാ ബാനർജി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ഒരു മുസ്ലീം പള്ളി സന്ദർശിച്ചത് ബിജെപി ആയുധമാക്കിയിരിന്നു. ''ഞാൻ ഒരു പള്ളി സന്ദർശിച്ചു. ഒരു ഗുരുദ്വാരയും സന്ദർശിച്ചു. എന്നാൽ ബിജെപിക്ക് ഇത് രണ്ടും പ്രശ്നമാണ്. ഞാൻ രാഷ്ട്രീയത്തിലേക്ക് മതം കൊണ്ടുവരുന്നില്ല. ബിജെപിക്കാർക്ക് മാത്രമാണ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീം വശമുള്ളത്''- മമതാ ബനർജി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam