
കൊല്‍ത്തക്ക: ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിബന്ധനകൾ നിർദ്ദേശിക്കുകയാണെന്നും വരാനിരിക്കുന്ന എസ്‌ഐആർ നടപടിയില്‍ യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി മുഴുവൻ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും അവർ ബിജെപിക്ക് മുന്നറിയിപ്പ് നൽകി. ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ, എന്റെ ജനങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തെയും വ്യക്തിപരമായ ആക്രമണമായി ഞാൻ കണക്കാക്കിയാൽ, ഞാൻ മുഴുവൻ രാജ്യത്തെയും പിടിച്ചുകുലുക്കും. തെരഞ്ഞെടുപ്പിന് ശേഷം ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കുമെന്നും അവർ പറഞ്ഞു. ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒരു പേര് പോലും ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
ഒരു എസ്ഐആര്‍ നടത്താൻ 3 വർഷമെടുക്കും. ഇത് അവസാനമായി ചെയ്തത് 2002 ലാണ്. ഞങ്ങൾ ഒരിക്കലും എസ്ഐആറിനെ എതിർത്തിരുന്നില്ല. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ പട്ടിക ബിജെപി അവരുടെ പാർട്ടി ഓഫീസിൽ നിന്ന് തയാറാക്കുന്നു. അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ജോലി നിഷ്പക്ഷമായി ചെയ്യണം. അല്ലാതെ ബിജെപിയുടെ കമ്മീഷനാകരുതെന്നും മമത പറഞ്ഞു.
ബംഗാളിൽ നിലവിൽ വോട്ടർ പട്ടിക പുതുക്കൽ പുരോഗമിക്കുകയാണ്. ഡിസംബർ 4-നകം ഓരോ വോട്ടറും പൂരിപ്പിച്ച ഫോം അതത് ബൂത്ത് ലെവൽ ഓഫീസർക്ക് (BLO) സമർപ്പിക്കണം. കരട് പട്ടിക ഡിസംബർ 9-ന് പ്രസിദ്ധീകരിക്കും.
ബിജെപിക്ക് എന്നെ പൊരുതി തോൽപ്പിക്കാൻ കഴിയില്ല. സർക്കാർ ഏജൻസികളോ വിഭവങ്ങളോ ഉപയോഗിച്ചാലും ബിജെപിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. തന്റെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചത് ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ബിജെപിയുടെ നിലപാടിനെയം മമത വിമർശിച്ചു. ഞങ്ങളുടെ മാതൃഭാഷ ബംഗാളിയാണ്, ഞാനും അതേ ഭാഷയാണ് സംസാരിക്കുന്നത്, ബിർഭൂമിൽ ജനിച്ചു. അവർക്ക് വേണമെങ്കിൽ എന്നെയും ബംഗ്ലാദേശിയായി മുദ്രകുത്താം. അംബേദ്കർ ഭരണഘടന സൃഷ്ടിച്ചത് വളരെയധികം ആലോചിച്ച ശേഷമാണ് എന്ന് മറക്കരുത്. നമ്മുടെ ഭരണഘടന എല്ലാ മതങ്ങൾക്കിടയിലും ഐക്യം ആവശ്യപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.