'ഇത് കൊൽക്കത്തയാണ്, ബംഗാളാണ്, ദില്ലിയല്ല'; അമിത് ഷായ്ക്ക് മുന്നറിയിപ്പ് നൽകി മമത ബാനർജി

By Web TeamFirst Published Mar 2, 2020, 3:33 PM IST
Highlights

''ഗോലി മാരോ (വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം പ്രകോപനപരവും നിയമവിരുദ്ധവുമാണ്. ആ മുദ്രാവാക്യം വിളിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഇത് കൊല്‍ക്കത്തയാണ്. ദില്ലിയല്ല.''  മമത പറഞ്ഞു.

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ 'വെടിവെച്ച് കൊല്ലൂ' എന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മമത ബാനർജി. 'ഇത് ദില്ലിയല്ല, കൊല്‍ക്കത്തയാണ്, ബംഗാളാണ്' എന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്. ആസൂത്രിതമായ വംശഹത്യയാണ് ദില്ലിയിൽ നടന്നതെന്ന് അറിയാൻ കഴിഞ്ഞുവെന്നും മമത ബാനർജി വ്യക്തമാക്കി. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് മമതയുടെ പ്രതികരണം.   

''ആസൂത്രിത വംശഹത്യയാണ് ദില്ലിയില്‍ നടന്നതെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാൽ എല്ലാവരും കലാപമായിട്ടാണ് ഈ സംഭവത്തെ പരി​ഗണിക്കുന്നത്. ദില്ലി പോലീസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. പോലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയെല്ലാം ദില്ലിയിലുണ്ട്. എന്നാല്‍ ആരും കലാപം തടഞ്ഞില്ല. സംഭവത്തില്‍ മാപ്പ് പറയാന്‍ പോലും തയ്യാറാകാത്ത ബിജെപിയുടെ നിലപാട് നാണക്കേടാണ്''  മമത പറഞ്ഞു. 

ദില്ലി കലാപത്തിന്റെ ഇരകളെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്ന് മമത തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ചടങ്ങില്‍ ഒരുമിനുറ്റ് മൗനപ്രാര്‍ത്ഥന നടത്തി. ദില്ലി ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും മമത ബാനർജി പറഞ്ഞു.-''അമിത് ഷാ പങ്കെടുത്ത ബിജെപി റാലിയില്‍ വിളിച്ച ഗോലി മാരോ (വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം പ്രകോപനപരവും നിയമവിരുദ്ധവുമാണ്. ആ മുദ്രാവാക്യം വിളിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഇത് കൊല്‍ക്കത്തയാണ്, ബംഗാളാണ്, ദില്ലിയല്ല.''  മമത പറഞ്ഞു.

''ബംഗാളിലെ ക്രമസമാധാനത്തെ കുറിച്ചാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ദില്ലിയില്‍ കലാപത്തിന് മുമ്പ് ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപന പ്രസംഗത്തിനെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍ ഇന്നലെ ഇവിടെ മുദ്രാവാക്യം വിളിച്ചു. ഇന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആരാണ് രാജ്യദ്രോഹി എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ പ്രകോപനമുണ്ടാക്കിയ ചിലരെ അറസ്റ്റ് ചെയ്തു. അവശേഷിക്കുന്നവരെയും അറസ്റ്റ് ചെയ്യും. പ്രതികളെ പിടിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനെ സഹായിക്കണം.'' പ്രതികളെ കുറിച്ച് വിവരം ലഭിച്ചാല്‍ ഉടനെ പോലീസിന് കൈമാറണമെന്നും മമത അഭ്യര്‍ഥിച്ചു.

click me!