
ദില്ലി: മുൻ നടി മംമ്ത കുൽക്കർണി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് നടത്തിയ പ്രസ്താവനയെ തുടർന്ന് വലിയ വിവാദത്തിൽ. ദാവൂദ് ഇബ്രാഹിം ഒരു തീവ്രവാദിയല്ലെന്നും അദ്ദേഹം ഇന്ത്യയിൽ ഒരു ബോംബ് സ്ഫോടനമോ ദേശവിരുദ്ധ പ്രവർത്തനമോ നടത്തിയിട്ടില്ലെന്നുമായിരുന്നു വൈറലായ വീഡിയോ ക്ലിപ്പിൽ മംമ്ത പറഞ്ഞത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ഒരു പരിപാടിയിൽ നിന്നുള്ളതായിരുന്നു വീഡിയോ.
2015-ലെ 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായിരുന്ന തൻ്റെ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന വിക്കി ഗോസ്വാമിയെ ആണ് പരാമർശിച്ചതെന്നും, ദാവൂദ് ഇബ്രാഹിമുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മംമ്ത പിന്നീട് വിശദീകരിച്ചു. "ദാവൂദ് ഇബ്രാഹിമുമായി എനിക്ക് വിദൂര ബന്ധം പോലുമില്ല. മറ്റൊരാളുമായി ബന്ധം ആരോപിക്കാറുണ്ടായിരുന്നു ഉണ്ടായിരുന്നു, പക്ഷേ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, അദ്ദേഹം രാജ്യത്തിനകത്ത് ഒരു ബോംബ് സ്ഫോടനമോ ദേശവിരുദ്ധ പ്രവർത്തനമോ ചെയ്തിട്ടില്ല. എനിക്ക് ബന്ധമൊന്നും ഇല്ലെങ്കിലും, അദ്ദേഹം ഒരു തീവ്രവാദിയല്ല. ആ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാവണം." താൻ ഒരിക്കലും ദാവൂദിനെ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ബന്ധമില്ലെന്നും മംമ്ത ആവർത്തിക്കുന്നു. തൻ്റെ വാക്കുകൾ പത്രക്കാർ വളച്ചൊടിച്ചതായി മംമ്ത ആരോപിച്ചു. ആളുകൾ ശാന്തമായി അഭിമുഖം ഒരിക്കൽ കൂടി കേൾക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിവേകം ഉപയോഗിക്കണമെന്ന് സന്യാസിമാരോടും ഋഷിമാരോടും അവർ അഭ്യർത്ഥിച്ചു.
മംമ്ത കുൽക്കർണിയുടെ പേര് 2015-ൽ നടന്ന ഒരു പ്രധാന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ടിരുന്നു. മെത്താംഫെറ്റാമൈൻ നിർമ്മിക്കുന്നതിന് വേണ്ടി എഫെഡ്രിൻ എന്ന രാസവസ്തു വിതരണം ചെയ്യുന്ന 2000 കോടി രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലും ഗുണ്ടാസംഘത്തിലും നടിക്ക് പങ്കുണ്ടെന്ന് താനെ പോലീസ് ആരോപിച്ചിരുന്നു. ഇത് അന്നത്തെ "ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട" ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്.
റാം ലഖൻ, വഖ്ത് ഹമാരാ ഹെ, ക്രാന്തിവീർ, കരൺ അർജുൻ, സബ്സേ ബഡാ ഖിലാഡി, ആന്ദോളൻ, ബാസി തുടങ്ങിയ നിരവധി വാണിജ്യ വിജയങ്ങൾ നേടിയ ഹിന്ദി ചിത്രങ്ങളിൽ മംമ്ത അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് അവരുടെ അവസാന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം അവർ അഭിനയം നിർത്തി, സനാതന ധർമ്മത്തെ സേവിക്കാൻ കിന്നർ അഖാറയിലെ ആത്മീയ സന്ന്യാസിയായി മാറുകയായിരുന്നു.