
ലഖ്നൗ: കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ നാലെണ്ണം 2025 ലെ ശൈത്യകാല ഷെഡ്യൂളിൽ പ്രവർത്തനം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ബിസിനസ് ലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെ പ്രാബല്യത്തിൽ വരുന്ന 2025 ലെ ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച്, രാജ്യത്തെ 126 വിമാനത്താവളങ്ങളിൽ, ഉത്തർപ്രദേശിലെ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കുറയുന്നതും അനുയോജ്യമായ വിമാനങ്ങളുടെ ക്ഷാമവുമാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിന് പിന്നിലെ പ്രധാന കാരണണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുശിനഗർ, അസംഗഡ്, ഭാവ്‌നഗർ, ലുധിയാന, പാക്യോങ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും 2025 ലെ ശൈത്യകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് വ്യവസായ മേഖലയിലുള്ളവർ പറഞ്ഞു.
ശ്രാവസ്തി വിമാനത്താവളത്തിന് 29 കോടി രൂപയും കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന് 260 കോടി രൂപയുും ചിത്രകൂട് വിമാനത്താവളത്തിന് 146 കോടിയുമാണ് ചെലവ്. ഉത്തർപ്രദേശിന്റെ പ്രാദേശിക കണക്റ്റിവിറ്റി ഡ്രൈവിന്റെ പ്രധാന മാർഗങ്ങളായിരുന്നു ഈ പദ്ധതികൾ. യാത്രക്കാരുടെ ആവശ്യകത കുറയുന്നത് പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വിമാനത്താവളങ്ങളിൽ പലതിലും അഞ്ച് മുതൽ 19 വരെ സീറ്റുകളുള്ള ടർബോ-പ്രോപ്പ് അല്ലെങ്കിൽ എ1 കാറ്റഗറി വിമാനങ്ങൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. എന്നാൽ, അത്തരം വിമാനങ്ങൾ രാജ്യത്തുടനീളം വളരെ കുറവാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അടിസ്ഥാന സൗകര്യ വികസനം ഏറ്റെടുത്തു വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 2035 ആകുമ്പോഴേക്കും 1,700-ലധികം വിമാനങ്ങൾ ഇന്ത്യൻ എയർലൈൻസ് ഫ്‌ളീറ്റിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഗതാഗത വളർച്ചയ്ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർലൈൻ ഓപ്പറേറ്റർമാരെയും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളെയും പിന്തുണയ്ക്കുന്നതിനായി, സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ആയി 4,300 കോടിയിലധികം രൂപ വിതരണം ചെയ്യുകയും റീജിയണൽ കണക്റ്റിവിറ്റി സ്കീം (ആർസിഎസ്) പ്രകാരം വിമാനത്താവള വികസനത്തിൽ 4,638 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. നിലവിലെ റിപ്പോർട്ട് പ്രകാരം, 2030 ആകുമ്പോഴേക്കും 50 അധിക വിമാനത്താവളങ്ങൾ നിർമ്മിക്കാനും 2047 ആകുമ്പോഴേക്കും മൊത്തം 220 വിമാനത്താവളങ്ങൾ സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.