'മുത്തലാഖ്'; രാജ്യത്തെ ആദ്യ അറസ്റ്റ്, നടപടി യോഗിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

By Web TeamFirst Published Jun 13, 2019, 9:50 AM IST
Highlights

മുത്തലാഖ്‌ നിയമവിരുദ്ധമാക്കുന്നതിനുള്ള ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെ ഇതാദ്യമായാണ്‌ മുത്തലാഖ്‌ വഴി വിവാഹമോചനം നടത്തിയതിന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തുന്നത്‌.

ലഖ്‌നൗ: മുത്തലാഖ്‌ വഴി വിവാഹമോചനത്തിന്‌ ശ്രമിച്ച യുവാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുപി പൊലീസ്‌  അറസ്‌റ്റ്‌ ചെയ്‌തു. മാല്‍പുര സ്വദേശിയായ തരന്നം ബീഗം എന്ന സ്‌ത്രീയുടെ പരാതിയില്‍ ഭര്‍ത്താവായ സിക്രു റഹ്മാനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.  

മുത്തലാഖ്‌ നിയമവിരുദ്ധമാക്കുന്നതിനുള്ള ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെ ഇതാദ്യമായാണ്‌ മുത്തലാഖ്‌ വഴി വിവാഹമോചനം നടത്തിയതിന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തുന്നത്‌. വിവാഹം കഴിഞ്ഞിട്ട്‌ അഞ്ച്‌ വര്‍ഷമായ ദമ്പതികള്‍ക്ക്‌ മൂന്ന്‌ കുട്ടികളുമുണ്ട്‌. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സിക്രു റഹ്മാന്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ പഠിപ്പിക്കുന്ന മദ്രസയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ ആഴ്‌ച മുത്തലാഖ്‌ ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നെന്നും സ്‌ത്രീയുടെ പരാതിയില്‍ പറയുന്നു.

പിന്നീട്‌ ഇയാള്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി. ഇതോടെയാണ്‌ പരാതിയുമായി സ്‌ത്രീ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചത്‌. പരാതിയുമായി തരന്നം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. പ്രാഥമിക അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ അന്വേഷണം ലോക്കല്‍ പൊലീസിനെ ഏല്‍പ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ സിക്രു റഹ്മാനെ മുസ്ലീം വിവാഹസംരക്ഷണ നിയമപ്രകാരം അറസ്റ്റ്‌ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ നടപടിയില്‍ സന്തോഷമുണ്ടെന്ന്‌ തരന്നം ബീഗം പ്രതികരിച്ചു.

click me!