ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതി മാറി തീരത്തിന് സമാന്തരമായി നീങ്ങുന്നു

Published : Jun 13, 2019, 09:44 AM ISTUpdated : Jun 13, 2019, 09:47 AM IST
ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതി മാറി തീരത്തിന് സമാന്തരമായി നീങ്ങുന്നു

Synopsis

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയ്ക്ക് സമാന്തരമായി മണിക്കൂറില്‍ 180 കിമീ വേഗതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വായു ചുഴലിക്കാറ്റ് കടന്നു പോകും. 


പോര്‍ബന്തര്‍: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'വായു' കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ചുഴലിക്കാറ്റിന്‍റെ ദിശ മാറിയതായി ഇന്ന് രാവിലെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഗുജറാത്ത് തീരം തൊടാതെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദ്വാരകയ്ക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ എറ്റവും പുതിയ പ്രവചനം. 

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയ്ക്ക് സമാന്തരമായി മണിക്കൂറില്‍ 180 കിമീ വേഗതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വായു ചുഴലിക്കാറ്റ് കടന്നു പോകും. അതേ സമയം തീരത്തിന് സമാന്തരമായാണ് കാറ്റിന്‍റെ സഞ്ചാരപഥം എന്നതിനാല്‍ ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരുകയാണ്. അമ്രേലി, ഗിർ സോംനാഥ്, ദിയു, ജുനാഗർ, പോർബന്ദർ, രാജ്കോട്ട്, ജാംനഗർ, ദേവ്ഭൂമി ദ്വാരക, കച്ച് എന്നീ പ്രദേശങ്ങളെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ വിദഗ്ധധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചുഴലിക്കാറ്റിന്‍റെ വരവിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തിലേറെ ആളുകളെ തീരപ്രദേശത്ത് നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. എഴുപതോളം ട്രെയിനുകൾ റദ്ദാക്കി. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ സർവീസ് നടത്താനുള്ള ട്രെയിനുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 

എല്ലാവരോടും സർക്കാർ നടപടികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാർ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഓരോ കമ്പനിയിലും 45 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളും മരങ്ങൾ മുറിച്ച് നീക്കാനുള്ള സാമഗ്രികളും ടെലികോം ഉപകരണങ്ങളും ആവശ്യത്തിന് ഓരോ ടീമിന്‍റെയും പക്കലുണ്ട്. ഇവിടേക്ക് പത്ത് ടീമുകളെക്കൂടി നിയോഗിക്കാൻ ഗുജറാത്ത് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഈ സംഘങ്ങളും അവിടെ എത്തും. ഇതോടെ ആകെ 35 കമ്പനി കേന്ദ്രസേന ഇവിടെ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടാവും. 

വൈദ്യുതി, വാർത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാൻ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലേതെങ്കിലുമൊന്നിന് തടസ്സം നേരിട്ടാൽ അടിയന്തരമായി ഇടപെടണമെന്നും നിർദേശമുണ്ട്. 

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, ദാമൻ ദിയു എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്. ഇവിടങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തീരദേശസംരക്ഷണ സേന, നാവിക, വായു, കരസേനകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണത്തിനായി എല്ലാ സന്നാഹങ്ങളും തയ്യാറാക്കാനാണ് നിർദേശം. വായുസേനയോട് വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാക്കാനും നിർദേശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസം വായു ചുഴലിക്കാറ്റിൽ ആദ്യത്തെ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിൽ അതിശക്തമായി വീശിയ കാറ്റിൽ ഹോർഡിങ് തകർന്ന് വീണാണ് 62കാരനായ ഒരാളാണ് മരിച്ചത്. മധുകർ നർവേകർ എന്ന കാൽനട യാത്രികനാണ് മരിച്ചത്.

ഇദ്ദേഹം ചർച്ച് ഗേറ്റ് റെയിൽവെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോൾ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റൻ മ്യൂറൽ പെയിന്റിങിന്റെ ക്ലാഡിങ് താഴേക്ക് പതിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി