
ബെംഗളൂരു: കർണാടകയിൽ ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവന്‍റ് മാനേജ്മെന്‍റ് - മാർക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പൊലീസിന്‍റെ പിടിയിലായത്. തന്‍റെ കമ്പനിയുടെ മാർക്കറ്റിംഗിന് വേണ്ടിയാണ് നോട്ട് വലിച്ചെറിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പലരും പലതാണ് ശ്രദ്ധയാകർഷിക്കാൻ ചെയ്യുന്നത്. തനിക്ക് നോട്ട് വലിച്ചെറിയാനാണ് തോന്നിയതെന്നും അരുൺ പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ ബെംഗളൂരുവിൽ തിരക്കേറിയ കെആർ മാർക്കറ്റ് ഫ്ലൈ ഓവറിന് മുകളിൽ നിന്നാണ് യുവാവ് പത്ത് രൂപയുടെ നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇയാൾ നോട്ടുകൾ വലിച്ചെറിയാൻ തുടങ്ങിയതോടെ താഴെ ആളുകൾ ഓടിക്കൂടി. നോട്ടുകൾ പെറുക്കിയെടുക്കാൻ മത്സരമായി. ഇതോടെ ഫ്ലൈ ഓവറിന് മുകളിലും താഴെയും വലിയ ട്രാഫിക് ബ്ലോക്കുമുണ്ടായി. 10 രൂപയുടെ മൂവായിരം രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാൾ പറത്തിവിട്ടതെന്നാണ് കരുതുന്നത്. ആളുകൾ വണ്ടി നിർത്തി ഇയാളോട് പണം ചോദിക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയിൽ കാണാം.
പൊലീസ് എത്തിയപ്പോഴേക്ക് യുവാവ് സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ കെ ആർ മാർക്കറ്റ് പൊലീസ് വൈകാതെ ആളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അരുണിനെതിരെ പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam