
ദില്ലി: 15 ലക്ഷം രൂപ വിലമതിക്കുന്ന യുഎസ് ഡോളറുമായി ബാങ്കോക്കിൽ നിന്നുള്ള ഇന്ത്യക്കാരൻ ദില്ലി വിമാനത്താവളത്തിൽ പിടിയിൽ. പപ്പട പാക്കറ്റിനുള്ളിൽ അടുക്കിവച്ച നിലയിലാണ് ഡോളറുകൾ കണ്ടെടുത്തത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇയാൾ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകുന്നത്. സ്പൈസസ് എന്ന് എഴുതിയ പെട്ടിയിൽ ഉണ്ടായിരുന്ന പപ്പട പാക്കറ്റിലായിരുന്നു ഡോളറുകൾ ഉണ്ടായിരുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇയാളെ കസ്റ്റംസിന് കൈമാറി. എയര്‍ വിസ്താര വിമാനത്തിലാണ് ഇയാൾ ദില്ലിയിലിറങ്ങിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ 70 ലക്ഷം വില വരുന്ന സ്വർണം പിടികൂടി
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപ വരുന്ന 1.35 കിലോ സ്വർണം പിടികൂടി. ദുബായിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇത്രയും സ്വർണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൻ്റെ ലഗേജിൽ എക്സോസ്റ്റ് ഫാനിന്റെ ആർമേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വർണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസം മൂലം സംശയം തോന്നുകയും കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചെടുക്കുകയും ചെയ്താണ് സ്വർണം കണ്ടെടുത്തത്.
രണ്ടാമത്തെ യാത്രക്കാരനായ വടകര സ്വദേശി നാസറിൽ നിന്നും കണ്ടെടുത്ത 848.6 ഗ്രാം സ്വർണമിശ്രിതത്തിൽ നിന്നും 776.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കകം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട് വിമാനത്തവാളത്തിൽ നിന്നും നാല് കോടിയോളം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. അസി. കമ്മീഷണർ സിനോയ് കെ. മാത്യുവിന്റെ നിർദ്ദേശത്തിൽ സൂപ്രണ്ട് പ്രകാശ് എം, ഇൻസ്പെക്റ്റർ ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Read More : 2.64 കിലോ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam