
ദില്ലി: കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ ദില്ലിയില്‍ സംഘർങ്ങള്‍ക്ക് അയവ് വരുന്നുണ്ട്. ഇതുവരെ 35 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. എന്നാല്‍, ഇതിനിടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ദില്ലിയിലെ ശിവ്‍വിഹാറില്‍ നിന്ന് പുറത്ത് വരുന്നത്. അയല്‍ക്കാരായ മുസ്ലീങ്ങളെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ഭാഗല്‍ എന്നയാള്‍ ജീവനുമായി ഇപ്പോള്‍ മല്ലിടുകയാണ്.
ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമീപമുള്ള മുസ്ലീം കുടുംബത്തിന്‍റെ വീട് കത്തിച്ചത് കണ്ടാണ് പ്രേംകാന്ത് ഓടിയെത്തിയത്. കലാപകാരികള്‍ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഒട്ടും മടിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രേംകാന്ത് കത്തുന്ന വീട്ടിലേക്ക് ഓടിക്കയറി ആറ് പേരെ രക്ഷിച്ചു.
പക്ഷേ, വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയില്‍ പ്രേംകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്‍റെ 70 ശതമാനത്തോളം പൊള്ളലേറ്റ പ്രേംകാന്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ല. ഒരു രാത്രി മുഴുവന്‍ പൊള്ളലേറ്റ ശരീരവുമായി വീട്ടില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. രാവിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേംകാന്തിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam