
ഹൈദരാബാദ്: ഐ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തെലുങ്ക് സിനിമാ നിര്‍മാതാവിന്‍റെ വീട്ടില്‍ വച്ച് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മർദ്ദിച്ചതിന് ശേഷം യുവാവിന്റെ തല മൊട്ടയടിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നിര്‍മാതാവും ബിഗ്ബോസ് തെലുങ്കിലെ മത്സരാര്‍ത്ഥിയുമായിരുന്ന നൂതന്‍ നായിഡുവിന്‍റെ ഭാര്യയ്ക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിലത്തിരിക്കുന്ന യുവാവിനെ നായിഡുവിന്റെ ഭാര്യ പ്രിയ മാധുരിയും മറ്റുള്ളവരും വടികൊണ്ട് തല്ലുകയായിരുന്നു. ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഒന്ന് വരെയാണ് യുവാവ് നായിഡുവിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. പ്രിയയുടെ ഐ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 27ന് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി.
എന്നാൽ, യുവാവ് കുറ്റം നിഷേധിച്ചു. പിറ്റേദിവസം വീണ്ടും വിളിച്ചു വരുത്തി. മണിക്കൂറുകളോളം പിടിച്ചുവച്ച് മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയച്ചു. പിന്നാലെയാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്. കൊലപാതക ശ്രമത്തിനും എസ് സി/എസ് ടി സംരക്ഷണ നിയമ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam