
മുംബൈ: റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുടുംബത്തിന്റെ മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മലാഡിലാണ് സംഭവം. ഓട്ടോറിക്ഷ കാറിൽ ഇടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 28കാരനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നുവെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനായ ആകാശ് ദത്താത്രേയ മയീനാണ് കൊല്ലപ്പെട്ടത്. തർക്കം നടക്കുമ്പോൾ ഇയാൾക്കൊപ്പം മാതാപിതാക്കളുമുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് പുഷ്പ പാർക്കിന് സമീപം ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ആകാശിൻ്റെ കാറിൽ ഇടിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഓട്ടോ ഡ്രൈവർക്ക് പിന്തുണയുമായി എത്തിയ ജനക്കൂട്ടമാണ് ആകാശിനെ മർദിച്ചത്. മകനെ മർദ്ദിക്കുന്നത് കണ്ട് പിതാവ് അവരെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കും മർദ്ദനമേറ്റു. ആകാശിൻ്റെ അമ്മ മകൻ്റെ ശരീരത്തിന് മുകളിൽ ഒരു കവചം പോലെ കിടന്നെങ്കിലും രക്ഷയുണ്ടായില്ല.
ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങൾക്കും ഇവർക്കെതിരെ ഭാരതീയ ന്യായ സൻഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 22 വരെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam