മകന് സമ്മാനിച്ച കാരംബോര്‍ഡ് വാങ്ങാന്‍ വിസമ്മിച്ചു; ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി

By Web TeamFirst Published Oct 3, 2019, 11:38 AM IST
Highlights

കോടതിയില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴി ഭര്‍ത്താവ് യുവതിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി താന്‍ മകനായി വാങ്ങിയ കാരംബോര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ യുവാവ് മൂന്ന് തവണ തലാഖ് ചൊല്ലുകയായിരുന്നു.

ജയ്പൂര്‍: രാജസ്ഥാനിലെ ബാരൻ ജില്ലയില്‍ മുത്തലാഖ് ചൊല്ലി ബാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തു. ബാരൻ ജില്ലയിലെ അന്താ പട്ടണത്തില്‍ താമസിക്കുന്ന ഷബ്രുനീഷ (24) എന്ന യുവതിയാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെതിരെ പരാതി നൽകിയത്. മകന് നല്‍കാനായി ഭര്‍ത്താവ് വാങ്ങിയ കാരംബോര്‍ഡ് സ്വീകരിക്കാത്തിനാലാണ് മുത്തലാഖ് ചൊല്ലിയതെന്നാണ് പരാതി.

സംഭവത്തില്‍ ഭർത്താവ് ഷക്കീൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ ഭാര്യ നേരത്തെ ഗാർഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. കേസ് വാദം കേൾക്കുന്നതിനായി ദമ്പതികൾ കോടതിയിൽ ഹാജരായി മടങ്ങവെയാണ് സംഭവം. വീട്ടിലേക്കുള്ള യാത്രക്കിടെ ഷബ്രുനീഷയെ ഷക്കീല്‍ വഴിയിൽ തടഞ്ഞ് നിര്‍ത്തി മകനായി വാങ്ങിയ കാരം ബോർഡ് നല്‍കണമെന്ന് പറഞ്ഞു. എന്നാല്‍ യുവതി കാരംബോര്‍ഡ് വാങ്ങിയില്ല. ഇതോടെ പ്രകോപിതനായ ഷക്കീല്‍ മൂന്ന് തവണ തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആന്ത പൊലീസ്സ്റ്റേഷൻ ഹൗസ് ഓഫീസർ റൂപ് സിംഗ് പറഞ്ഞു. 2019 ലെ മുസ്ലീം വിമൻ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാര്യേജ് ആക്റ്റ് പ്രകാരമാണ്  കേസെടുത്തത്. ഷക്കീൽ അഹമ്മദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ അന്വേഷണം നടക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ റൂപ് സിംഗ് പറഞ്ഞു.

മുത്തലാഖ്  കുറ്റകരമാക്കുന്ന നിയമനിർമ്മാണത്തിന് കഴിഞ്ഞ ജൂലൈ 30നാണ് പാർലമെന്റ് അംഗീകാരം നൽകിയത്. നിയമം നടപ്പാക്കിയതിനുശേഷം രാജസ്ഥാനിലെ കോട്ട മേഖലയില്‍ മാത്രം മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസാണിത്. ആഗസ്തിൽ കോട്ട നഗരത്തിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ മൂന്ന് ട്രിപ്പിൾ ത്വലാഖുകൾ രജിസ്റ്റർ ചെയ്തു. ഒരു കേസ് ഹാലാ ലാവർ ജില്ലയിലെ സുനെൽ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

click me!