
കോട്ട: എട്ട് അടി നീളമുള്ള മുതലയെ തോളിൽ ചുമന്ന് യുവാവ്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഇറ്റാവ സബ് ഡിവിഷനിലെ ബഞ്ചാരി ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ വീട്ടിലെ സ്വീകരണ മുറിയിലേക്ക് ഇഴഞ്ഞെത്തിയ മുതലയെയാണ് യുവാവ് തോളിലേറ്റിയത്. എട്ടടി നീളവും 80 കിലോയോളം ഭാരവുമുള്ള മുതലയായിരുന്നു ഇത്. വിവരമറിയിച്ച് ഏറെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരാരും വരാതിരുന്നതോടെയാണ് യുവാവ് മുതലയെ തോളിലേറ്റിയതെന്ന് വിവരം. മുതലയുമായി ഇയാൾ വീടിന് പുറത്തേക്ക് വരുന്ന വീഡിയോ ഒപ്പമുണ്ടായിരുന്നവർ പകർത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടുകാർ വീടിനകത്ത് ഇരിക്കുമ്പോഴാണ് പ്രധാന വാതിൽ വഴി പെട്ടെന്ന് മുതല അകത്തു കയറിയത്. വീട്ടുകാർ ഭയന്ന് പുറത്തേക്ക് ഓടിയപ്പോൾ മുതല ഇഴഞ്ഞ് അകത്തെ മുറിയിലേക്ക് കയറിപ്പോയി. തുടർന്ന് പൊലീസിലടക്കം വിവരമറിയിച്ചെങ്കിലും ഇവരെ സഹായിക്കാൻ ആരും വന്നില്ല. എന്നാൽ അപ്പോഴേക്കും വിവരമറിഞ്ഞ് പ്രദേശവാസികൾ ഇവിടെ തടിച്ചുകൂടി. ഗ്രാമവാസികൾ ആവശ്യപ്പെട്ടാണ് ഇറ്റാവയിൽ നിന്നുള്ള വന്യജീവി സ്നേഹിയായ ഹയാത്ത് ഖാൻ ടൈഗർ ഇവിടേക്ക് വന്നത്. ഈ പ്രദേശത്ത് ഇതിന് മുൻപും വന്യജീവികളുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയ ആളാണ് ഇദ്ദേഹം.
നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹയാത്ത് ഖാനും സംഘവും ഉടനെ സ്ഥലത്തെത്തി. ആദ്യം മുതലയുടെ വായ വലിയ സെല്ലോടോപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച ഇവർ വീടിനകത്ത് വച്ച് തന്നെ മുതലയുടെ കാലുകൾ കയറുപയോഗിച്ച് കെട്ടി. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 11.30 യോടെ മുതലയെ ഹയാത്ത് ഖാൻ ടൈഗർ തൻ്റെ ചുമലിലേറ്റ് പുറത്തേക്ക് വന്നു. ഗ്രാമവാസികൾ ആർപ്പുവിളികളോടെ കൈയ്യടിച്ച് ഇദ്ദേഹത്തെ എതിരേറ്റു. ശനിയാഴ്ച രാവിലെ ചമ്പൽ നദിയിൽ മുതലയെ തുറന്നുവിട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബഞ്ചാരി ഗ്രാമത്തിൽ നിന്ന് ഇത് മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ മുതലയെ പിടികൂടുന്നതെന്ന് ഹയാത്ത് ഖാൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam