യുവാവിന് ചൂണ്ടയിട്ട് കിട്ടിയത് 18.5 കിലോ ഭാരമുള്ള മത്സ്യം; മാർക്കറ്റിൽ വിറ്റത് 12,000 രൂപയ്ക്ക്

By Web TeamFirst Published Nov 20, 2019, 8:28 PM IST
Highlights

ചൂണ്ടയിൽ കുടങ്ങിയത് മത്സ്യം തന്നെയാണോ എന്ന് നോക്കുന്നതിനായി ചൂണ്ട വലിച്ചപ്പോഴാണ് ഭീമൻ ഭെട്കി മത്സ്യം ചൂണ്ടയിൽ കുടുങ്ങിയതായി തരുണും സുഹൃത്തുക്കളും കണ്ടത്. 

കൊല്‍ക്കത്ത: ​ഗം​ഗാ നദിയിൽ ചൂണ്ടയിടാൻ പോയ യുവാവിന്റെ ചൂണ്ടയിൽ കുടുങ്ങിയത് 18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യം. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബരിയ സ്വദേശിയായ തരുണ്‍ ബേരയുടെ ചൂണ്ടയിലാണ് ഭീമൻ ഭെട്കി മത്സ്യം കുടുങ്ങിയത്. വലിപ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല മത്സ്യത്തിന്റെ വിലയും ഞെട്ടിക്കുന്നതാണ്. മാർക്കറ്റിൽ 12,000 രൂപയ്ക്കാണ് ഭീമൻ ഭെട്കി മത്സ്യം തരുണ്‍ ബേര വിറ്റത്.

ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഗംഗാ നദിയില്‍ ചൂണ്ടയിടാൻ പോയതായിരുന്നു തരുൺ. നദിയിലേക്ക് ചൂണ്ടയിട്ട് കുറച്ച് കഴിഞ്ഞയുടൻ തന്നെ എന്തോ കൊളുത്തിയതായി അദ്ദേഹത്തിന് തോന്നി. ചൂണ്ടയിൽ കുടങ്ങിയത് മത്സ്യം തന്നെയാണോ എന്ന് നോക്കുന്നതിനായി ചൂണ്ട വലിച്ചപ്പോഴാണ് ഭീമൻ ഭെട്കി മത്സ്യം ചൂണ്ടയിൽ കുടുങ്ങിയതായി തരുണും സുഹൃത്തുക്കളും കണ്ടത്. വളരെ പ്രയാസപ്പെട്ടാണ് തരുണും സുഹൃത്തുക്കളും ചേർന്ന് ചൂണ്ട വലിച്ച് മീനിനെ കരയ്ക്കെത്തിച്ചത്.

തുടർന്ന് മത്സ്യത്തെ വാഹനത്തിൽ കയറ്റി തരുണും സുഹൃത്തുക്കളും ഫുലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. അവിടെവച്ച് വിലപേശി തരുൺ 12,000 രൂപയ്ക്ക് മത്സ്യം വിൽക്കുകയായിരുന്നു. ചെറുകിട വ്യാപാരിയാണ് വലിയ വിലകൊടുത്ത് മത്സ്യം സ്വന്തമാക്കിയത്.  18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യത്തിന് 14,000 രൂപയെങ്കിലും കിട്ടുമെന്നായിരുന്നു തരുണിന്റെ കണക്കുകൂട്ടല്‍. 

click me!