
വിവാഹമോചനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ മാറിവരുന്ന കാലമാണിത്. വിവാഹം പോലെ വിവാഹമോചനവും ആഘോഷമാക്കുന്നവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം. അത്തരത്തിൽ പാലിൽ കുളിച്ച് കേക്ക് കട്ട് ചെയ്ത് വിവാഹമോചനം ആഘോഷിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നൽകിയാണ് താൻ വിവാഹമോചനം നേടിയതെന്ന് ബിരാദാർ ഡികെ എന്ന യുവാവ് കേക്കിൽ രേഖപ്പെടുത്തി.
അമ്മ യുവാവിനെ പാലിൽ കുളിപ്പിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് പുതിയ വസ്ത്രങ്ങളും ഷൂസും ധരിച്ച് അണിഞ്ഞൊരുങ്ങി. 'ഹാപ്പി ഡിവോഴ്സ്' എന്നെഴുതിയ കേക്ക് സന്തോഷത്തോടെ മുറിച്ചു.
വീഡിയോയ്‌ക്കൊപ്പം യുവാവ് ഒരു അടിക്കുറിപ്പും പങ്കുവെച്ചു- "സന്തോഷത്തോടെയിരിക്കുക, ആഘോഷിക്കുക. വിഷാദം പിടികൂടാൻ അനുവദിക്കരുത്. 120 ഗ്രാം സ്വർണവും 18 ലക്ഷം രൂപയും ഞാൻ വാങ്ങിയതല്ല, കൊടുത്തതാണ്. ഞാൻ സിംഗിളാണ്, സന്തുഷ്ടനാണ്, സ്വതന്ത്രനാണ്. എന്‍റെ ജീവിതം, എന്‍റെ നിയമങ്ങൾ."
വീഡിയോ ഇതിനകം 3.5 മില്യണ്‍ പേർ കണ്ടുകഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് കമന്‍റ് ബോക്സിലുള്ളത്. ചിലർ യുവാവിനെ അഭിനന്ദിച്ചപ്പോൾ 'അമ്മയുടെ കുട്ടി' എന്ന് പറഞ്ഞ് ചിലർ പരിഹസിച്ചു. ടോക്സിക് ആയ ബന്ധത്തിൽ നിന്ന് നിങ്ങളുടെ ഭാര്യ രക്ഷപ്പെട്ടു എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam