കോഴിപ്പോരിനിടെ കാലില്‍കെട്ടിവെച്ച കത്തികൊണ്ട് ഒരാള്‍ മരിച്ചു; കോഴി പൊലീസ് കസ്റ്റഡിയില്‍

By Web TeamFirst Published Feb 27, 2021, 5:18 PM IST
Highlights

കോഴിയെ പോരിന് വിടുന്നതിനിടെ കാലില്‍ കെട്ടിവെച്ച കത്തി നാഭിയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹൈദരാബാദ്: കോഴിപ്പോരിനിടെ കോഴിയുടെ കാലില്‍ കെട്ടിവെച്ച കത്തികൊണ്ട് പരിക്കേറ്റ 45കാരന്‍ മരിച്ചു. തെലങ്കാനയിലാണ് സംഭവമുണ്ടായത്. ഫെബ്രുവരി 22ന് ജഗതിലാല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ നടന്ന കോഴിപ്പോരിനിടെയായിരുന്നു അപകടം. കോഴിയെയും കോഴിപ്പോര് നടത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തനുഗുള്ള സതീഷ് എന്നയാളാണ് മരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നിയമവിരുദ്ധമായാണ് ഇവര്‍ കോഴിപ്പോര് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലോത്തുനൂര്‍ ഗ്രാമത്തിലായിരുന്നു കോഴിപ്പോര്. മരിച്ച സതീഷ് തന്നെയാണ് കോഴിയെ പോരിനെത്തിച്ചത്. കോഴിയെ പോരിന് വിടുന്നതിനിടെ കാലില്‍ കെട്ടിവെച്ച കത്തി നാഭിയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Some stories are unimaginable- like this murder case in Jagityala, . 45yr-old T.Satish died during a cockfight organized at Yellamma temple on Monday after a rooster attacked him. Rooster is now in police custody&one of the accused along with organizers of the cockfight pic.twitter.com/68rYA05WFZ

— Revathi (@revathitweets)

സതീഷ് മരിച്ചതിനെ തുടര്‍ന്ന് കോഴിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയില്‍ കോഴിപ്പോര് നിരോധിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോലീസ് പൂവന്‍കോഴിയെ ഗൊല്ലപള്ളി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു വന്നു. 

കോഴിയെ പൊലീസ് സ്റ്റേഷനില്‍ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ കോഴിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. കോഴിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോഴിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേഷന്‍ ഓഫിസര്‍ ബി ജീവന്‍  പറഞ്ഞു. 

click me!