പിടികൂടിയ രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശനം, കടിയേറ്റ് 60കാരന് ദാരുണാന്ത്യം

By Web TeamFirst Published Oct 7, 2021, 11:33 AM IST
Highlights

ഞായറാഴ്ച ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് ഭൂമിജ് പാമ്പിനെ കണ്ടത്. ഉടനെ ഇയാൾ പാമ്പിനെ പിടികൂടി. പാമ്പിന്റെ കഴുത്തിൽ പിടിമുറുക്കിയ ഭൂമിജ് ഇതിനെ തോളിലൂടെ ചുറ്റിയിട്ടു. തുടർന്ന് ബിഷ്ണുപുർ ഗ്രാമചത്തിലുടനീളം കഴുത്തിൽ ചുറ്റിയ പാമ്പുമായി ഇയാൾ നടന്നു. 

ഗുവാഹത്തി: പണിയെടുക്കുന്നതിനിടെ പാടത്തുനിന്ന് പിടികൂടിയ രാജവെമ്പാലയെ (King Cobra) പ്രദർശിപ്പിക്കുന്നതിടെ കടിയേറ്റ് (Snakebite) 60 കാരൻ മരിച്ചു. അസമിലെ (Assam) ധേലെ രാജ്നഗറിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് ദാരുണസംഭവം ഉണ്ടായത്. പിടികൂടിയ പാമ്പിനെ ഇയാൾ കഴുത്തിൽ ചുറ്റി ഗ്രാമത്തിലൂടെ നടന്ന് പ്രദർശിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 60കാരനായ രഘുനന്ദൻ ഭൂമിജിനെ രക്ഷിക്കാനായില്ല. 

ഞായറാഴ്ച ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് ഭൂമിജ് പാമ്പിനെ കണ്ടത്. ഉടനെ ഇയാൾ പാമ്പിനെ പിടികൂടി. പാമ്പിന്റെ കഴുത്തിൽ പിടിമുറുക്കിയ ഭൂമിജ് ഇതിനെ തോളിലൂടെ ചുറ്റിയിട്ടു. തുടർന്ന് ബിഷ്ണുപുർ ഗ്രാമചത്തിലുടനീളം കഴുത്തിൽ ചുറ്റിയ പാമ്പുമായി ഇയാൾ നടന്നു. 

പ്രദേശവാസികളെല്ലാം ഈ കാഴ്ച കാണാൻ തടിച്ചുകൂടി. അപ്പോഴെല്ലാം ഭൂമിജ് പാമ്പിന്റെ തലയിൽ കൈകൊണ്ട് അമർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കൂടി നിന്നവരിൽ ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. പാമ്പ് രക്ഷപ്പെടാൻ പല തവണ ശ്രമം നടത്തിനോക്കുന്നുണ്ടായിരുന്നു.

ആളുകൾ കൂടിയതോടെ ഭൂമിജിന്റെ ശ്രദ്ധ തെറ്റിയതും പാമ്പിന്റെ മേലുള്ള പിടി അയഞ്ഞതും ഒരുമിച്ചായിരുന്നു. ഉടൻ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങിയ പാമ്പ് ഭൂമിജിനെ കടിച്ചു. നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്നെ ഭൂമിജ് മരിച്ചിരുന്നു. 

അതേസമയം വന്യജീവി നിയമപ്രകാരം പാമ്പുകളെ പിടികൂടുന്നത് ശിക്ഷാർഹമാണ്. പാമ്പുകളെ കണ്ടാൽ വനംവകുപ്പിന്റെ അറിയിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു ഭൂമിജ് എന്ന് ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥന പ്രതികരിച്ചു. ബിഷ്ണുപുരിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭൂമിജ് പിടികൂടിയ പാമ്പിനെ കൊണ്ടുപോയി വനത്തിലേക്ക് തുറന്നുവിട്ടു.  
 

click me!