
ദില്ലി: ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പാപ്പാന്‍ സുപ്രീം കോടതിയില്‍. ദില്ലിയിലെ പ്രശസ്തയായ ആനയായ ലക്ഷ്മിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പാപ്പാനായ സദ്ദാം സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവേ ആന ഇന്ത്യന്‍ പൗരനാണോ എന്നും ആനയ്ക്കും ഹേബിയസ് കോര്‍പസ് ഹര്‍ജിയോ എന്നും സുപ്രീം കോടതി ചീഫ് ജഡ്ജി എസ് എ ബോബ്ഡെ ചോദിച്ചു. ആദ്യമായാണ് മൃഗത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുന്നത്.
47 വയസ്സ് പ്രായമുള്ള ലക്ഷ്മി എന്ന ആനയെ പരിചരിക്കാന്‍ 2008ലാണ് സദ്ദാം എത്തുന്നത്. ദില്ലിയിലെ യൂസഫ് എലി എന്നയാളുടേതായിരുന്നു ആന. സദ്ദാമുമായി വളരെ പെട്ടെന്ന് ലക്ഷ്മി അടുത്തു. ഭക്ഷണവും മരുന്നും സദ്ദാം നല്‍കിയാലേ കഴിക്കൂവെന്ന അവസ്ഥയിലായി. പിന്നീട് സദ്ദാമിന്‍റെ കുടുംബാംഗത്തെപ്പോലെയായി ലക്ഷ്മി.
ചട്ടപ്രകാരമല്ലാതെ ആനകളെ പാര്‍പ്പിക്കുന്നത് തടയാനുള്ള ദില്ലി സര്‍ക്കാര്‍ നടപടിയാണ് സദ്ദാമിനെ ചതിച്ചത്. ലക്ഷ്മിനഗറിലെ ചേരിയിലായിരുന്നു സദ്ദാമിന്‍റെ താമസം. വനംവകുപ്പിനെ പേടിച്ച് മുങ്ങി നടന്നെങ്കിലും ഒടുവില്‍ ലക്ഷ്മിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ സംരക്ഷണൻ കേന്ദ്രത്തിലേക്കയച്ചു. സദ്ദാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ട് മാസത്തിന് ശേഷം നവംബറില്‍ സദ്ദാം പുറത്തിറങ്ങി. എന്നാല്‍, ലക്ഷ്മിയുടെ അസാന്നിധ്യം സദ്ദാമിനെ ഏറെ വലച്ചു. ലക്ഷ്മിയെ പരിചരിക്കാന്‍ തന്നെ അനുവദിക്കണമെന്നാണ് സദ്ദാമിന്‍റെ ആവശ്യം. അയല്‍ക്കാരന്‍ പശുവിനെ മോഷ്ടിച്ചാലും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ വരില്ലേ എന്ന് ജഡ്ജി ചോദിച്ചു. മുമ്പ് അമേരിക്കയിലും സമാനസംഭവമുണ്ടായിരുന്നതായി സദ്ദാമിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.
ആനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനാല്‍ സദ്ദാമിനോടും ഹോക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ഫോട്ടോ കടപ്പാട്: ദ് ഇന്ത്യന്‍ എക്‍സ്പ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam