
ഹൈദരാബാദ്: പല്ല് നിര തെറ്റിയതെന്ന കാരണത്താൽ യുവതിയെ ഭർത്താവ് മൊഴി ചൊല്ലി. റുക്സാന ബീഗമാണ് ഭർത്താവ് മുസ്തഫയ്ക്കെതിരെ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. പല്ലുകൾ നിര തെറ്റിയതാണെന്ന് പറഞ്ഞ് മുസ്തഫ തന്നോട് അനിഷ്ടം പ്രകടിപ്പിക്കാറുണ്ടെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടെന്നും റുക്സാന പരാതിയിൽ ആരോപിക്കുന്നു. 2019 ജൂൺ 27 നാണ് ഇവർ വിവാഹിതരായത്.
ഒക്ടോബർ 31 ന് സ്ത്രീധന നിരോധന നിയമപ്രകാരവും മുത്തലാഖ് നിരോധന നിയമപ്രകാരവും മുസ്തഫയ്ക്കെതിരെ കേസെടുത്തതായി പോലീസ് വെളിപ്പെടുത്തുന്നു. പരാതിയിൻ മേൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. മുസ്തഫ പറഞ്ഞ നിബന്ധനകളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. എന്നാൽ വിവാഹത്തിന് ശേഷം വീണ്ടും സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നു. റുക്സാനയുടെ സഹോദരന്റെ ബൈക്കും മുസ്തഫ കൈക്കലാക്കിയിരുന്നതായി പരാതിയിൽ പറയുന്നു.
നിരന്തരമായ പീഡനങ്ങൾക്കൊടുവിൽ പല്ല് നിരയൊത്തതല്ലെന്നും അതിനാൽ കൂടെ ജീവിക്കാൻ ഇഷ്ടമല്ലെന്നും പറഞ്ഞാണ് മുസ്തഫ റുക്സാനയെ മൊഴി ചൊല്ലിയത്. മാത്രമല്ല, 15 ദിവസത്തോളം ഭർത്താവിന്റെ വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടതായും റുക്സാന വെളിപ്പെടുത്തുന്നു. പിന്നീട് രോഗബാധിതയായതിനെ തുടർന്ന് വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുസ്തഫയും വീട്ടുകാരും ഒത്തു തീർപ്പിന് തയ്യാറായി. വീട്ടിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പും നൽകി.
എന്നാൽ ഒക്ടോബർ ഒന്നിന് മുസ്തഫ റുക്സാനയുടെ വീട്ടിലെത്തി മാതാപിതാക്കളെ അസഭ്യം പറയുകയും മുത്തലാഖ് ആവർത്തിക്കുകയും ചെയ്തു. പിന്നീട് ഫോണിലൂടെയും മൊഴി ചൊല്ലിയതായി റുക്സാന പറയുന്നു. തനിക്ക് നീതി കിട്ടണമെന്ന ആവശ്യവുമായാണ് റുക്സാന മുസ്തഫയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam