പച്ചക്കറി വാങ്ങാന്‍ പോയ മകന്‍ തിരിച്ചെത്തിയത് ഭാര്യയുമായി; പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍

By Web TeamFirst Published Apr 30, 2020, 9:54 AM IST
Highlights

''ഞാന്‍ എന്‍റെ മകനെ അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ അയച്ചതാണ്. പക്ഷേ അവന്‍ തിരിച്ചുവന്നപ്പോള്‍ അവന്‍റെ കൂടെ അവന്‍റെ ഭാര്യയുമുണ്ടായിരിന്നു. ഈ വിവാഹം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. '' - കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു. 

ദില്ലി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാന്‍ പോയയാള്‍ മടങ്ങിയെത്തിയത് ഭാര്യയുമായി. മകന്‍റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ, ഇയാളെയും ഭാര്യയെയും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. മകനെക്കുറിച്ച് പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലെത്തി. നഗരത്തിലെ സഹിബബാദിലാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

''ഞാന്‍ എന്‍റെ മകനെ അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ അയച്ചതാണ്. പക്ഷേ അവന്‍ തിരിച്ചുവന്നപ്പോള്‍ അവന്‍റെ കൂടെ അവന്‍റെ ഭാര്യയുമുണ്ടായിരിന്നു. ഈ വിവാഹം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. '' - കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു. രണ്ട് മാസം മുമ്പ് ഹര്‍ദ്വാറിലുള്ള ആര്യസമാജത്തില്‍ വച്ചാണ് വിവാഹം നടന്നത്. ലോക്ക്ഡൗണ്‍ കഴി‌ഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും. 

''സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞില്ല'' - 26 കാരനായ ഗുഡ്ഡു പറഞ്ഞു. 

ലോക്ക്ഡൗണ്‍ കാരണം ഗുഡ്ഡുവിന് ഭാര്യയെ വീട്ടിലേക്ക് കൂട്ടാനായിരുന്നില്ല. ദില്ലിയില്‍ ഒരു ഹോസ്റ്റല്‍ മുറിയിലായിരുന്നു സബിത താമസിച്ചിരുന്നത്. മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ മറ്റ് മാര്‍ഗ്ഗമില്ലാതായതാണ് സബിതയെ പെട്ടന്ന് വീട്ടിലേക്ക് കൂട്ടാന്‍ ഗുഡ്ഡുവിനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഇരുവര്‍ക്കും ദില്ലിയിലെ വാടകവീട്ടില്‍ തുടരാന്‍ അനുമതി നല്‍കാന്‍ സഹിബബാദ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!