
ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിൽ ഭാര്യയുമായി കടുത്ത തർക്കം, സഹികെട്ട് ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടി ഭാര്യ, ഒടുവിൽ രക്തം വാർന്നൊഴുകി 28കാരൻ്റെ മരണം. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ദാരുണ സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് തെലങ്കാനയിലെ കാമറെഡ്ഡി ടൗൺ. ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി ആണ് ഭാര്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതുമണിക്കാണ് അക്രമത്തിനിടയാക്കിയ സംഭവത്തിൻ്റെ തുടക്കം. അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി കൊമ്പുകോർക്കുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. എന്നാൽ രണ്ടുപേരും വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. തൻ്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ കുറ്റപ്പെടുത്തിയ ശിവാജി, വീട്ടിലെ മറ്റ് പ്രശ്നങ്ങളും വലിച്ചിട്ടു.
ദമ്പതികൾ തമ്മിലുള്ള തർക്കം കടുത്തതോടെ മറ്റൊരു ബന്ധുവായ നന്ദിനിയും എത്തി ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, വാഗ്വാദം തുടർന്നു. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത ലക്ഷ്മി, ശിവാജിയുടെ കഴുത്തിന് വെട്ടി. വെട്ടേറ്റ് വീണതിനിടെ ശിവാജിയുടെ തല നിലത്തിടിച്ച് രക്തം വാർന്നൊഴുകുകയും യുവാവിന് തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ ശിവാജിയുടെ മൂത്ത സഹോദരൻ സുരിയുടെ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 103 (1) വകുപ്പ് ചുമത്തി കേസെടുത്ത കാമറെഡ്ഡി പൊലീസ്, തിങ്കളാഴ്ച ലക്ഷ്മിയെ അറസ്റ്റ് ചെയ്തു.
ആറ് വർഷം മുൻപ് വിവാഹിതരായ ശിവാജിക്കും ലക്ഷ്മിക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. കഴിഞ്ഞ ആറുമാസമായി ദാദയ്യയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു കുടുംബം. ശിവാജിയും ലക്ഷ്മിയും തമ്മിൽ കുടുംബപ്രശ്നങ്ങളെച്ചൊല്ലി തർക്കം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച ശിവാജിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam