
ബറേലി: സമൂഹമാധ്യമങ്ങളില്‍ അതീഖ് അഹമ്മദിനെ പുകഴ്ത്തി കുറിപ്പെഴുതിയ ആള്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റില്‍. ബറേലിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇയാള്‍ മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനേയും സിംഹമെന്നാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്. രാജിഖ് അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളേക്കുറിച്ച് നടപടി വേണമെന്ന് ഹിന്ദു സംഘടനകളാണ് ആവശ്യപ്പെട്ടത്. ബിത്താരി ചെയ്ന്‍പുര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം 505 അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ മെഡിക്കല്‍ കോളേജിലെ റിസപ്ഷന്‍ ജീവനക്കാരനായിരുന്നു രാജിഖ് അലി.
ഏപ്രില്‍ 15നാണ് 60 കാരനായ അതിഖ് അഹമ്മദും, അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞെത്തിയ മൂന്ന് പേര്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞ് കൊണ്ടു പോവുന്ന അതീഖ് അഹമ്മദിനെ പോയിന്‍റ് ബ്ലാങ്കിലാണ് വെടിവച്ച് കൊന്നത്. ആതിഖ് അഹമ്മദിന്റെ മൃതശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്. തലയില്‍ നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ നിന്ന് എട്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. സഹോദരന്‍ അഷറഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്ന് മുഖത്ത് നിന്നും നാല് വെടിയുണ്ടകള്‍ പുറംഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. അഞ്ച് വിദഗ്ദ ഡോക്ടര്‍മാരാണ് ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം അതീഖ് അഹമ്മദിന്‍റെ മകന്‍ അസദും സഹായി ഗുലമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈ മാസം 13നാണ് ആസാദിനെയും ഗുലാമിനെയും ഝാന്‍സിയില്‍വച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവിൽ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പട്ടത്.