അറ്റകുറ്റപ്പണിക്കിടെ വാതിലിൽ കുടുങ്ങിയ സ്പൈസ് ജെറ്റ് വിമാന ജീവനക്കാരന് ദാരുണാന്ത്യം

By Web TeamFirst Published Jul 10, 2019, 1:23 PM IST
Highlights

സ്പൈസ് ജെറ്റ് ജീവനക്കാരനായ രോഹിത് വീരേന്ദ്ര പാണ്ഡെ ആണ് മരിച്ചത്. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ 1.45-നായിരുന്നു അപകടം. 

കൊൽക്കത്ത: വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലാൻഡിങ് ഗിയറിന്റെ വാതിലിൽ കുടുങ്ങി ജീവനക്കാരൻ മരിച്ചു. സ്പൈസ് ജെറ്റ് ജീവനക്കാരനായ രോഹിത് വീരേന്ദ്ര പാണ്ഡെ ആണ് മരിച്ചത്. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ 1.45-നായിരുന്നു അപകടം.

അപകടത്തിൽ ഖേദം പ്രകടിപ്പിച്ച് സ്പൈസ് ജറ്റ് അധികൃതർ രം​ഗത്തെത്തി. രോഹിത് വീരേന്ദ്ര പാണ്ഡെയുടെ മരണം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സ്പൈസ് ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, പൊലീസും ഫൊറൻസിക് വിദ​ഗ്ധരും ചേർന്ന് വിമാനത്താവളത്തിലെത്തി സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

തുടർച്ചയായുണ്ടാവുന്ന റൺവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ വിമാനയാത്രകൾ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന ജാഗ്രതയും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. വിമാനയാത്രകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അനുഭവസമ്പന്നരായ പൈലറ്റുമാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

ജയ്പൂരില്‍ നിന്ന് 167 യാത്രക്കാരുമായി മുംബൈയിലെത്തിയ സ്പൈസ്ജെറ്റ് വിമാനം കഴിഞ്ഞ ദിവസം റൺവേയിൽ നിന്നും തെന്നി നീങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. ഈ മാസം സൂററ്റ് വിമാനത്താവളത്തിലും മംഗളൂരു വിമാനത്താവളത്തിലും റൺവേയിൽ വിമാനം തെന്നിമാറി അപകടങ്ങളുണ്ടായി. അടിക്കടിയുണ്ടാകുന്ന ഈ സംഭവങ്ങളാണ് ഡ‍യറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങാന്‍ കാരണം. 

click me!