റാഞ്ചിയിൽ ഹൈക്കോടതി അഭിഭാഷകയും രണ്ട് മക്കളും ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായ മകൻ മരിച്ചു. ഗുരുതരാവസ്ഥയിലായ അഭിഭാഷകയെയും 14 വയസ്സുകാരിയായ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാഞ്ചി: ഹൈക്കോടതി അഭിഭാഷകയും രണ്ട് മക്കളും ജീവനൊടുക്കാൻ ശ്രമിച്ചു. ചാർട്ടേഡ് അക്കൗണ്ടന്‍റായ മകൻ മരിച്ചു. അഭിഭാഷകയും 14 വയസ്സുകാരിയായ മകളും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ അശോക് നഗറിലാണ് സംഭവം.

ചാർട്ടേഡ് അക്കൗണ്ടന്‍റായ മിഹിർ ആണ് മരിച്ചത്. കൊൽക്കത്തയിൽ നിന്ന് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് മിഹിർ റാഞ്ചിയിലെ വീട്ടിൽ തിരിച്ചെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മിഹിറിനെ കണ്ടെത്തിയത്. മിഹിറിന്റെ അമ്മയും ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകയുമായ സ്നേഹ അഖൗരിയും (50), 14 വയസ്സുള്ള സഹോദരിയും വിഷാംശം ഉള്ളിൽ ചെന്ന നിലയിലായിരുന്നു.

അയൽവാസികളും പൊലീസും സ്ഥലത്തെത്തിയപ്പോഴേക്കും മിഹിറിന്‍റെ മരണം സംഭവിച്ചു. അവശനിലയിലായ അമ്മയെയും മകളെയും ഉടൻ തന്നെ റാഞ്ചിയിലെ ഗുരു നാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കാരണം അവ്യക്തം

മിഹിർ അടുത്തിടെ സിഎ കോഴ്സ് പൂർത്തിയാക്കി ഒരു പ്രമുഖ കോർപ്പറേറ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. കുടുംബത്തെ എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയോ മാനസിക പ്രയാസങ്ങളോ അലട്ടിയിരുന്നതായി അയൽക്കാർക്ക് അറിയില്ല. എന്താണ് ഇവരെ ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്നും പൊലീസ് അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)