
നോയിഡ: രണ്ട് വർഷത്തിലേറെയായി ഒപ്പമുണ്ടായിരുന്ന ലിവിംഗ് ടുഗെദർ പങ്കാളിയെ വിവാഹത്തിന് ഏഴ് ദിവസം മുൻപ് കൊലപ്പെടുത്തി യുവാവ്. യുവാവിന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചതിന് പിന്നാലെയാണ് ലിവിംഗ് ടുഗെദർ പങ്കാളിയെ യുവാവ് കൊലപ്പെടുത്തിയത്. ശിരസ് അറുത്ത് മാറ്റി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് വിവാഹത്തിന് മുൻപ് യുവാവ് അറസ്റ്റിലായത്. ഹരിയാനയിലെ കലേഷശർ ദേശീയ പാർക്കിൽ നിന്നാണ് ഏതാനും ദിവസങ്ങൾക്ക് മുൻ ആക്രമിക്കപ്പെട്ട് പരുക്കുകളോടെ യുവതിയുടെ ശിരസില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ സഹാറൻപൂർ സ്വദേശിയായ ബിലാൽ എന്ന ടാക്സി ഡ്രൈവറാണ് സംഭവത്തിൽ പിടിയിലായത്. ഡിസംബർ 14ന് ബിലാലിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. ഡിസംബർ ഏഴിനാണ് നഗ്നമാക്കപ്പെട്ട യുവതിയുടെ മൃതദേഹഭാഗം പ്രതാപ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുന്നത്. പ്രധാന റോഡിൽ നിന്ന് 20 മീറ്ററിലേറെ മാറിയാണ് മൃതദേഹം ലഭിച്ചത്. ക്രൈംബ്രാഞ്ചും പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സഹാറൻപൂർ സ്വദേശിയായ ഉമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ രണ്ട് വർഷമായി ഉമയും ബിലാലും ഒരുമിച്ചായിരുന്നു താമസം. ഉമ ബിലാലിനെ തന്നെ വിവാഹം ചെയ്യാൻ നിബന്ധിച്ചിരുന്നു. എന്നാൽ ഇതിനിടെ വീട്ടുകാരുമായി ചേർന്ന് ബിലാൽ മറ്റൊരു യുവതിയുമായി വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. വീട്ടുകാരോട് ഉമ തങ്ങളുടെ ബന്ധത്തേക്കുറിച്ച് പറയുമോയെന്ന ആശങ്കയിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഡിസംബർ ആറിന് രാത്രി എട്ട് മണിയോടെ സഹാറൻപൂരിൽ നിന്ന് ഉമയെ കൂട്ടി കാറിൽ യാത്ര തുടങ്ങിയ ബിലാൽ ഏറെ ദൂരം കാറിൽ കറങ്ങിയ ശേഷമാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയത്. കാറിൽ സീറ്റ് ബെൽറ്റ് അഡ്ജസ്റ്റ് ചെയ്യാനെന്ന മട്ടിൽ സീറ്റ് പിന്നിലോട്ട് ഇട്ടായിരുന്നു ബിലാൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഇതിന് ശേഷം കാറിൽ വച്ച് ഉമയുടെ തല അറുത്ത് മാറ്റിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു തല അറുത്ത് മാറ്റിയത്. സിസിടിവി ക്യാമറകളും മൊബൈൽ ഫോൺ ലൊക്കേഷനടക്കമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസ് ബിലാലിനെ അറസ്റ്റ് ചെയ്തത്. ഡിസംബർ 13ന് വിവാഹ തയ്യാറെടുപ്പുകൾക്കിടെയായിരുന്നു ബിലാൽ. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലേശറിലെ വനമേഖലയിൽ നിന്ന് ഉമയുടെ ശിരസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ബിലാലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam