തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാർക്കിങ് ഫീയെ ചൊല്ലി തർക്കം: യുവാവ് കൊല്ലപ്പെട്ടു

By Web TeamFirst Published May 11, 2019, 8:22 AM IST
Highlights

ശെൽവരാജും തിയേറ്റർ ജീവനക്കാരനായ ശേഖറും ചേർന്ന് ഭരണീധരനെ അതിക്രൂരമായി മർദ്ദിച്ചു. പിന്നീട് തിയേറ്ററിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ഇവിടെ വച്ചും മർദ്ദിച്ചു.

ബെംഗലുരു: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാർക്കിങ് ഫീയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കൊല്ലപ്പെട്ടു. ബെംഗലുരുവിലാണ് സംഭവം. കിഴക്കൻ ബെംഗലുരുവിലെ ഭാരതിനഗറിനടുത്ത് സെന്റ് ജോൺസ് റോഡിലെ ലാവണ്യ തിയേറ്ററിലെ പാർക്കിങ് ഫീ പിരിക്കുന്ന ശെൽവരാജാണ് 38 കാരനായ ഭരണീധരൻ എന്നയാളെ കൊലപ്പെടുത്തിയത്.

ബന്ധുവായ യുവാവുമൊത്താണ് ഭരണീധരൻ സിനിമ കാണാനെത്തിയത്. തമിഴ് ചിത്രം കാഞ്ചന 3 കാണാൻ ഇരുചക്രവാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവരോട് പത്ത് രൂപ പാർക്കിങ് ഫീ ശെൽവരാജ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഭരണീധരനും ശെൽവരാജും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

ശെൽവരാജും തിയേറ്റർ ജീവനക്കാരനായ ശേഖറും ചേർന്ന് ഭരണീധരനെ അതിക്രൂരമായി മർദ്ദിച്ചു. പിന്നീട് തിയേറ്ററിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ഇവിടെ വച്ചും മർദ്ദിച്ചു. തിയേറ്ററിലെ മറ്റ് ജീവനക്കാരാണ് ഭരണീധരനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.

click me!