
ഹൈദരാബാദ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ ഹൈദരാബാദിൽ മകളെ എത്തിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. എന്നാൽ പാണ്ഡുരംഗന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. ഇതോടെയാണ് മൂന്ന് കുട്ടികളിൽ ഒരാളായ പ്രാച്ചിയെ പാണ്ഡുരംഗ് കൊലപ്പെടുത്തിയത്.
നിസാമാബാദിലെ നിസാംസാഗർ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പാണ്ഡുരംഗ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുള്ളത്. ആറ് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ഇയാൾ തീരുമാനിച്ചെങ്കിലും മൂന്ന് കുട്ടികളുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് മനസിലാക്കി. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഒരു മകളെ വളർത്താനായി നൽകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇത് നടന്നില്ല. ഒടുവിൽ ഇരട്ടകളായ പെൺമക്കളിൽ ഒരാളെ തെലങ്കാനയിൽ എത്തിച്ച് നിസാമാബാദിലെ കനാലിൽ മുക്കികൊല്ലാൻ പാണ്ഡുരംഗ് തീരുമാനിച്ചു. ഒരാളുടെ സഹായത്തോടെ നിസാമാബാദിലെ നിസാംസാഗർ കനാലിൽ മകളെ ഇയാൾ മുക്കി കൊല്ലുകയായിരുന്നു.
കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ കുട്ടിയുടെ ഫോട്ടോ പൊലീസ് വാട്ട്സ്ആപ്പിലൂടെ വിവധ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിരുന്നു. ഒടുവിൽ മഹാരാഷ്ട്രിയിലെ മുഖേദ് താലൂക്കിലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു. പൊലീസ് പാണ്ഡുരംഗനെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്. സംശയം തോന്നിയ പൊലീസ് ഫോൺ പരിശോധിച്ച് ടവർ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തപ്പോൾ പാണ്ഡുരംഗ് തെലങ്കാനയിൽ പോയതായി കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച ഗണേഷ് ഷിൻഡെ എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവിൽ പഞ്ചായത്ത് അംഗമാണ് അറസ്റ്റിലായ ഷിൻഡെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam