
മുംബൈ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. അമരവതി സ്വദേശിയായ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയെ കൊലപ്പെടുത്തിയ യവാത്മാൽ സ്വദേശി സഹിൽ അശോക് ലവ്ഹാരെയെ പിന്നീട് മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി നാസിക്കിലെ ഇന്ദിരാനഗറിലാണ് സംഭവം. മറ്റൊരാളുമായി വൈഷ്ണവിയുടെ വിവാഹമുറപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിന് തൊട്ടുമുൻപും അതിനുശേഷവും പ്രതി വൈഷ്ണവിയുടെ പ്രതിശ്രുതവരനെ ഫോണിൽ വിളിച്ചിരുന്നു. വൈഷു തീർന്നു എന്നാണ് സഹിൽ അവസാനമായി പ്രതിശ്രുത വരനെ വിളിച്ചുപറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി നേരിട്ടുകണ്ട വൈഷ്ണവിയും സഹിലും അരണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ സഹിൽ യുവതിയെ കുത്തിക്കൊന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് മുങ്ങി. രണ്ടുകിലോമീറ്റർ അകലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രതിയെ പിന്നീട് കണ്ടെത്തിയത്.
വൈഷ്ണവിയെ കൊല്ലുന്നതിന് മുൻപ് സഹിൽ വൈഷ്ണവിയുടെ പ്രതിശ്രുതവരനെ ഫോണിൽ വിളിച്ചിരുന്നു. വേഗം സ്ഥലത്തേക്ക് വരാനായിരുന്നു സഹിൽ ആവശ്യപ്പെട്ടത്. ഇതോടെ പ്രതിശ്രുത വരൻ ജോലിസ്ഥലത്തുനിന്നും നാസിക്കിലെ ഇന്ദിരാനഗറിലേക്ക് പുറപ്പെട്ടു. ഈ സമയത്തൊന്നും സഹിലിന്റെ ഫോൺ കട്ട് ചെയ്തിരുന്നില്ല. വൈഷ്ണവിയും സഹിലും തർക്കിക്കുന്നതും പ്രതിശ്രുത വരൻ ഫോണിലൂടെ കേട്ടിരുന്നു. ഇതിനുപിന്നാലെയാണ് വൈഷ്ണവി തീർന്നെന്നും വൈഷ്ണവിയെ കൊലപ്പെടുത്തിയെന്നും പ്രതി ഫോണിലൂടെ പറഞ്ഞത്. ശേഷം പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam