
മുംബൈ: കിഴക്കൻ മുംബൈയിൽ കളിച്ചുകൊണ്ടിരുന്ന 11 വയസുകാരനെ ഓടിച്ചിട്ട് കടിച്ച് വളർത്തു നായ. കഴിഞ്ഞ വ്യാഴാഴ്ച മാൻഖുർദ് പ്രദേശത്ത് നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തായി. നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. നായയെ കണ്ട് പേടിച്ച് ഓട്ടോയിൽ കയറിയ കുട്ടിയെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. എന്നാൽ തൊടടുത്ത് നിന്നിരുന്ന ഉടമ, നായ കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.
പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ ഉടമയായ മുഹമ്മദ് സൊഹൈൽ ഹസൻ (43) നായയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. നായയെ കണ്ട് പേടിച്ച് ഓട്ടോയിൽ കയറിയ കുട്ടിക്ക് പിന്നാലെ നായയും എത്തി. നായ കുട്ടിയുടെ വസ്ത്രം കടിച്ച് വലിക്കുകയും പിന്നാലെ താടിയിൽ കടിക്കാനായി ചാടുകയും ചെയ്തു. നായയുടെ ആക്രമണത്തിൽ ഭയന്ന കുട്ടി നിലവിളിക്കുമ്പോഴും ഓട്ടോയുടെ മുൻ സീറ്റിനടത്ത് നിന്ന് ഉടമ ഇതെല്ലാം കണ്ട് ചിരിക്കുകയായിരുന്നുവെന്നാണ് പരാതി.
നായയെ കെട്ടിയിരുന്ന ലീഷ് മുഹമ്മദിന്‍റെ കൈവശം ഉണ്ടായിരുന്നിട്ടും ഇയാൾ അവിടെ തന്നെ നിന്നു. നായയെ മാറ്റാൻ ശ്രമം ഉണ്ടായില്ലെന്നാണ് കുട്ടി പറയുന്നത്. എന്നെ രക്ഷിക്കണമെന്ന് ഞാൻ അയാളോട് കരഞ്ഞു പറഞ്ഞു. എന്നാൽ നായയെ മാറ്റാൻ ഉടമ തയ്യാറായില്ലെന്ന് കുട്ടി പറഞ്ഞു. പിന്നീട് ഓട്ടോയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നായയുടെ കടിയേറ്റ് ശരീരത്തിൽ മുറിവുണ്ടായതായും കുട്ടി പറഞ്ഞു. വിവരമറിഞ്ഞ 11 കാരന്‍റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ഉടമയായ മുഹമ്മദ് സൊഹൈൽ ഹസനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ബിഎൻഎസ്) സെക്ഷൻ 291 (മൃഗങ്ങളെ അശ്രദ്ധമായി ഉപേക്ഷിക്കൽ), 125 (ലഘുവായ പരിക്കേൽപ്പിക്കൽ), 125 (എ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 35(3) പ്രകാരമാണ് പ്രതിക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam