
പട്ന: സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇഷ്ടമാകാതെ പണം തിരികെ ആവശ്യപ്പെട്ട യുവാവിന്‍റെ അക്കൗണ്ടിലെ മുഴുവന്‍ തുകയും നഷ്ടമായി. ബിഹാറിലെ പട്നയിലാണ് എഞ്ചിനീയറായ വിഷ്ണു എന്ന യുവാവിന്‍റെ 77,000 രൂപ നഷ്ടമായത്.
സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ് വിഷ്ണു. എന്നാല്‍ ഭക്ഷണപ്പൊതി തുറന്നുനോക്കിയ വിഷ്ണു ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി നിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിച്ചതെന്ന് കണ്ടു. ഓര്‍ഡറില്‍ അതൃപ്തനായ ഇയാള്‍ ഡെലിവറി ബോയിയോട് ഭക്ഷണം തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം മടക്കി നല്‍കുന്നതിന് പകരമായി സൊമാറ്റോയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി ബോധ്യപ്പെടുത്താന്‍ ഡെലിവറി ബോയി വിഷ്ണുവിനോട് പറഞ്ഞു.
ഗൂഗിളില്‍ തെരയുമ്പോള്‍ ആദ്യം ലഭിക്കുന്ന നമ്പരില്‍ വിളിക്കാനും ഡെലിവറി ബോയി ഉപദേശിച്ചു. ഇതനുസരിച്ച് ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ആദ്യം ലഭിച്ച സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിഷ്ണു വിളിച്ചു. ഇതേ നമ്പരില്‍ നിന്നും സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ വിഷ്ണുവിനെ തിരികെ വിളിച്ച് 100 രൂപ റീഫണ്ട് ലഭിക്കണമെങ്കില്‍ 10 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുമെന്നും ഇത് പ്രോസ്സസ്സിങ് ചാര്‍ജാണെന്നും അറിയിച്ചു.
10 രൂപ അയയ്ക്കുന്നതിന് ഒരു ലിങ്കും ഇയാള്‍ വിഷ്ണുവിന് അയച്ചുകൊടുത്തു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് 10 രൂപ അയച്ച് നിമിഷങ്ങള്‍ക്കകം വിഷ്ണുവിന്‍റെ അക്കൗണ്ടിലെ മുഴുവന്‍ തുകയും നഷ്ടമാകുകയായിരുന്നു. 77,000 രൂപയാണ് വിവിധ ഇടപാടുകളിലൂടെ നഷ്ടപ്പെട്ടത്. പേ റ്റി എം ഇടപാടിലൂടെ പലതവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം അക്കൗണ്ട് കാലിയായി. സെപ്തംബര്‍ 10- ന് നടന്ന സംഭവത്തില്‍ നഷ്ടമായ പണത്തിനായി അധികൃതരോടും പൊലീസിനോടും സംസാരിച്ചും ഓഫീസുകള്‍ കയറിയിറങ്ങിയും നടക്കുകയാണ് വിഷ്ണു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam