ഡേറ്റിങ് ആപ്പിൽ കണ്ട 'അമേരിക്കൻ ഡോക്ടർ' കാണാൻ വരുമെന്ന് വാഗ്ദാനം; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ

Published : Nov 19, 2024, 11:21 AM IST
ഡേറ്റിങ് ആപ്പിൽ കണ്ട 'അമേരിക്കൻ ഡോക്ടർ' കാണാൻ വരുമെന്ന് വാഗ്ദാനം; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ

Synopsis

നേരിട്ട് ബംഗളുരുവിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ ഡൽഹി വഴി വരാമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. പിന്നീട് ഡൽഹിയിലെ കസ്റ്റംസിന്റെ പേരിൽ കള്ളക്കഥയും.

ബംഗളുരു: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 'അമേരിക്കൻ ഡോക്ടർ' കാരണം 29കാരന് നഷ്ടമായത് കടം വാങ്ങിയത് ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ. അമേരിക്കയിൽ നിന്ന് ഒരു മാസത്തെ അവധിക്കാലം ചെലവഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് വിഭാഗത്തെ ഉൾപ്പെടെ പറഞ്ഞ് കള്ളക്കഥയുണ്ടാക്കിയാണ് ഇത്രയും പണം വാങ്ങിയത്. കസ്റ്റംസിന്റെ പേരിൽ വ്യാജ രസീതും നൽകി. ഇത്രയും പണം പോയ ശേഷം മാത്രമാണ് യുവാവിന് തട്ടിപ്പാണെന്ന സംശയം തോന്നിയതും.

ബംഗളുരു സ്വദേശിയായ 29 വയസുകാരൻ ഒരു സർക്കാർ സ്ഥാപത്തിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്. ഇയാളും സുഹൃത്തുക്കളും പതിവായി ഒരു ഡേറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നാണ് ഒക്ടോബർ 16ന് 'അമേരിക്കയിലെ ഒരു ഡോക്ടറുടെ' സന്ദേശം കിട്ടുന്നത്. പരിചയപ്പെട്ട ശേഷം വാട്സ്ആപ് നമ്പർ വാങ്ങി. പിന്നീട് 13128524538 എന്ന നമ്പറിൽ നിന്ന് വാട്സ്ആപ് സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.

അമേരിക്കയിൽ ശിശുരോഗ വിദഗ്ധനാണെന്നാണ് പറഞ്ഞിരുന്നത്. അച്ഛനും അമ്മയും വിമാന അപകടത്തിൽ മരിച്ചെന്ന കദനകഥ പറഞ്ഞ് യുവാവിന്റെ അനുകമ്പ നേടി. പിന്നീട് യുവാവിന്റെ സുഹൃത്തുകളുമായും ചാറ്റ് ചെയ്തു. ശേഷം ഒരു മാസത്തെ അവധിക്കാലത്ത് ഇന്ത്യയിലേക്ക് വരാമെന്നും ബംഗളുരുവിൽ യുവാവിനൊപ്പം താമസിക്കാൻ അനുവദിച്ചാൽ വാടക നൽകാമെന്നും അറിയിച്ചു. എന്നാൽ വാടക വേണ്ടെന്നും സൗജന്യമായി തങ്ങൾക്കൊപ്പം താമസിക്കാമെന്നും യുവാവ് മറുപടി നൽകി. ഒക്ടോബർ 19ന് അയച്ച മെസേജ് പ്രകാരം തനിക്ക് നേരിട്ട് ബംഗളുരുവിലേക്ക് ടിക്കറ്റ് കിട്ടിയില്ലെന്നും ഡൽഹിയിൽ ഇറങ്ങിയ ശേഷം വരാമെന്നും അറിയിച്ചു. 20ന് യാത്ര പുറപ്പെടുമെന്നാണ് പറഞ്ഞത്.

ഒക്ടോബ‍ർ 21ന് 7630027803 എന്ന നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. എടുത്തപ്പോൾ ഡൽഹി എയർപോർട്ടിലെ ജീവനക്കാരിയാണെന്നും അമേരിക്കയിൽ നിന്നെത്തിയ ഒരാൾ 24,500 ഡോളർ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. പണം ഇന്ത്യൻ കറൻസിയിലേക്ക് മാറ്റാൻ ഇന്ത്യയിൽ പരിചയമുള്ള ആരുമില്ലാത്തതിനാൽ നിങ്ങളുടെ നമ്പർ തന്നതാണെന്നായിരുന്നു വിളിച്ച സ്ത്രീ പറഞ്ഞത്. പിന്നീട് യുവാവ് 'അമേരിക്കൻ ഡോക്ടറുമായി' ഫോണിലൂടെ സംസാരിക്കുകയും ചെയ്തു. ഒരു അക്കൗണ്ടിലേക്ക് 75,000 രൂപ അയച്ചുകൊടുക്കണമെന്നായിരുന്നു ആവശ്യം. യുവാവ് ഈ പണം നൽകി. ഇതിന് പകരം ഒരു രസീതും അയച്ചുകൊടുത്തു.

എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം വീണ്ടും വിളിച്ച് ജിഎസ്ടി ആയി 30,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യുവാവ് ഫോൺ കട്ട് ചെയ്തു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഫോണിലൂടെ കേട്ടത് 'അമേരിക്കൻ ഡോക്ടറുടെ' കരച്ചിൽ. തന്നെ എങ്ങനെയെങ്കിലും സഹായിക്കണമെന്നും ബംഗളുരുവിൽ എത്തിയാൽ ഉടൻ പണം തിരികെ നൽകാമെന്നും പറഞ്ഞു. ഇതോടെ യുവാവ് കടം വാങ്ങി പണം അയച്ചുകൊടുത്തു. ഇങ്ങനെ പലതും പറഞ്ഞ് 4.8 ലക്ഷം രൂപ യുവാവിന്റെ കൈയിൽ നിന്ന് തട്ടിപ്പ് സംഘം വാങ്ങി. ഇത്രയും ആയപ്പോഴാണ് യുവാവ് തന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞത്. ഇവർ നേരത്തെ വാട്സ്ആപ് വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ അവയെല്ലാം വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ