
മീററ്റ്: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയ കേസിൽ അച്ഛൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 40 കാരനായ അജയ് ശർമയാണ് തൻ്റെ നാല് മക്കളിൽ ഏറ്റവും മൂത്ത 14കാരിയായ മകളെ കൊലപ്പെടുത്തിയത്. തൻ്റെ കൈവശം ഉണ്ടായിരുന്ന 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ക്രൂരമായി മകളെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ബുലന്ദ്ഷഹറിലെ അനുപ്ഷഹറിലുള്ള കനാലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. സ്‌കൂൾ യൂനിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയെ പിതാവ് സ്‌കൂളിൽ നിന്നും വിളിച്ചുകൊണ്ടുപോയതായി അധ്യാപകർ സാക്ഷ്യപ്പെടുത്തിയതോടെയാണ് അജയ് ശർമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയതും കൊലയ്ക്ക് പ്രേരണയായ കാരണം വ്യക്തമാക്കിയതും.
മകൾ പലപ്പോഴായി തൻ്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ചുവെന്നും 500 രൂപയാണ് അവസാനമായി മോഷ്ടിച്ചതെന്നുമാണ് മൊഴി. തുടർന്ന് സ്‌കൂളിലെത്തി മകളെ വിളിച്ചുകൊണ്ട് നേരെ തൻ്റെ കൃഷിയിടത്തിലേക്കാണ് പോയത്. ഇവിടെ വച്ച് മകളുടെ കഴുത്തിൽ തുണി കൊണ്ട് മുറുക്കി കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കനാലിൽ ഒഴുക്കിവിട്ടു.
വീട്ടിലേക്ക് മടങ്ങിപ്പോയ അജയ് ശർമ, മകളെ ബന്ധുവീട്ടിലാക്കിയെന്നാണ് തന്നോട് പറഞ്ഞതെന്ന് അമ്മ സുമൻ ദേവി പറയുന്നു. തൊട്ടടുത്ത ദിവസം വൈകിട്ടോടെ നാട്ടുകാരിലൊരാളാണ് സുമൻ ദേവിയോട് മകളുടെ മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നതായി പറഞ്ഞത്. ഇതേക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സുമൻ പൊലീസിനോട് പറഞ്ഞു. ഭർത്താവ് മകളോട് ഇത് എങ്ങനെ ചെയ്തെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അവർ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.