
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്താൻ കൈവിരൽ കാളിദേവിക്ക് ബലി നൽകി യുവാവ്. കർണാടകയിലെ കാർവാറിലാണ് സംഭവം. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ അരുൺ വർനേക്കർ എന്ന യുവാവാണ് തൻ്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ വെട്ടി കാളി ദേവിക്ക് ബലിയർപ്പിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. കാർവാർ സോനാർവാഡ പ്രദേശത്താണ് സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇയാൾ സ്വന്തം വീട്ടിൽ പ്രധാനമന്ത്രി മോദിക്കായി ക്ഷേത്രം പോലും നിർമ്മിക്കുകയും പതിവായി പൂജ നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിരൽ മുറിച്ചതിന് ശേഷം, തൻ്റെ വീടിൻ്റെ ചുമരുകളിൽ രക്തം കൊണ്ട് 'മാ കാളി മാതാ, മോദി ബാബ കാ രക്ഷ കരോ' എന്നെഴുതുകയും ചെയ്തു. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ഇയാൾ ചുവരിൽ എഴുതി. കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിന് ശേഷം മാത്രമാണ് ചൈനയും പാകിസ്ഥാനും മൂലമുള്ള പ്രശ്‌നങ്ങൾ അവസാനിച്ചതെന്നും അരുൺ വർനേക്കർ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദവും സൈനികരുടെ മരണത്തിൻ്റെയും വാർത്തകൾ കശ്മീരിൽ നിന്ന് നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ ഇപ്പോൾ പ്രദേശം സമാധാനപരമാണ്. രാജ്യത്തിൻ്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്നും ഇയാൾ പറയുന്നു. അരുൺ നേരത്തെ മുംബൈ സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, വിരൽ മുറിച്ച് ബലി നൽകാൻ ശ്രമിച്ചെങ്കിലും ചില കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam