
ആഗ്ര: കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയിൽ വെച്ച് പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഇയാളെ കാത്തിരുന്ന് പിടികൂടുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്.
ഉത്തർ പ്രദേശിലെ മധുര സ്വദേശിയായ വിക്രം സിങ് എന്നയാളാണ് പിടിയിലായത്. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് സൈനിക മേഖലകളിൽ ഇയാൾ കടന്നുകയറിയതായും സൈനിക ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞും സൈനിക ക്യാന്റീനിൽ ജോലി വാഗ്ദാനം ചെയ്തും നിരവധിപ്പേരിൽ നിന്ന് പണം വാങ്ങിയതായും കണ്ടെത്തി. ഉദ്യോഗസ്ഥർ വഴിയിൽ വെച്ച് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിന്റെയും യുവാവ് കുറ്റങ്ങൾ സമ്മതിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വഴിയിൽ കാത്തു നിന്ന എസ്.ടി.എഫ് അംഗങ്ങൾ ഇയാളെ പിടികൂടിയത്.
പരിശോധനയിൽ പോക്കറ്റിൽ നിന്ന് വ്യാജ സൈനിക തിരിച്ചറിയൽ കാർഡ് കണ്ടെത്തി. ബാഗിൽ സൈനിക യൂണിഫോമും ഷൂസുമുണ്ടായിരുന്നു. ഐഡി കാർഡിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് സ്വന്തം വിവരങ്ങൾ കൊടുത്ത് തയ്യാറാക്കിയതാണെന്ന് പറയുകയും ചെയ്തു. സൈന്യത്തിൽ ജോലി ചെയ്യുകയാണോ എന്ന് ചോദിച്ചപ്പോൾ അല്ലെന്നാണ് മറുപടി.
ആർമി ക്യാന്റീനിൽ ഇൻ ചാർജായി ജോലി ചെയ്യുന്നുവെന്നായിരുന്നു ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് പണം വാങ്ങിയതയാും ഇയാൾ സമ്മതിക്കുന്നുണ്ട്. ആർമി ക്യാന്റീനിൽ ജോലി കിട്ടാൻ ഇയാൾക്ക് പണം നൽകിയെന്ന് രണ്ട് പേരും സമ്മതിച്ചു. ആർമി ക്യാന്റീൻ കാർഡും വ്യാജ ആശ്രിത കാർഡും കിട്ടാൻ 20,000 രൂപയാണത്രെ വാങ്ങിയത്. നേരത്തെ മറ്റ് ചില കേസുകളിൽ തടവിൽ കഴിഞ്ഞിട്ടുള്ളയാളാണ് ഇയാൾ. വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam