റണ്‍വേയില്‍ ജീപ്പ്, അപകടമൊഴിവാക്കാന്‍ അടിയന്തര ടേക്ക് ഓഫ്; എയര്‍ ഇന്ത്യ വിമാനത്തിന് തകരാറ്

By Web TeamFirst Published Feb 15, 2020, 3:15 PM IST
Highlights

വിമാനത്തിന്‍റെ പ്രധാനഭാഗമായ ഫ്യൂസലേജിനാണ് പെട്ടന്നുള്ള ടേക്ക് ഓഫിനെ തുടര്‍ന്ന് തകരാര്‍ സംഭവിച്ചത്. ശ്രീനഗറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം

പൂനെ: റണ്‍വേയിലെത്തിയ ജീപ്പിലിടിക്കാതിരിക്കാന്‍ വിമാനം വേഗത്തില്‍ ടേക്ക് ഓഫ് ചെയ്തതിനിടെ അപകടം. എയര്‍ ഇന്ത്യ വിമാനത്തിന് ഗുരുതര തകരാറ്. ഇന്ന് രാവിലെ പൂനെ വിമാനത്താവളത്തിലാണ് അപകടം. എയര്‍ഇന്ത്യയുടെ എ321 വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലെത്തുമ്പോഴാണ് റണ്‍വേയില്‍ ജീപ്പില്‍ ഒരാള്‍ ഇരിക്കുന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. 120 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോവുന്ന വിമാനം വലിയ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ പൈലറ്റ് ഉടന്‍ തന്നെ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.

ശ്രീനഗറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിന്‍റെ പ്രധാനഭാഗമായ ഫ്യൂസലേജിനാണ് പെട്ടന്നുള്ള ടേക്ക് ഓഫിനെ തുടര്‍ന്ന് തകരാര്‍ സംഭവിച്ചത്. എന്തായാലും വിമാനം ദില്ലിയില്‍ സുരക്ഷിതമായി ഇറക്കി. തകരാറിനെ തുടര്‍ന്ന് എ 321 വിമാനത്തെ അടിയന്തരമായി സര്‍വ്വീസുകളില്‍ നിന്ന് നീക്കിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

പൈലറ്റിന്‍റെ ഉടനടിയുള്ള ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായത്. വിമാനത്തിന് തകരാറുണ്ട്. എങ്കിലും സുരക്ഷിതമായാണ് വിമാനം ദില്ലിയിലെത്തിയതെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി. കോക്പിറ്റിലെ ശബ്ദ റെക്കോര്‍ഡ് പരിശോധിക്കുമെന്നും വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ വിമാനം എത്തിയത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിശദമാക്കി. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പൂനെ എയര്‍ ട്രാഫ്ക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ടാണ് എയര്‍ ഇന്ത്യ അന്വേഷണം നടത്തുക. 

click me!