
ഡെറാഡൂൺ: ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷക്ഷനുമായ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ചയാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്സർ സ്വദേശിയായ ഗൗരവ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ടിക്കറ്റുകളും പാർട്ടിയിൽ പദവികളും വാഗ്ദാനം ചെയ്ത് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളെ വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. പാർട്ടിയിൽ പദവി വാഗ്ദാനം ചെയ്ത് ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് നേതാവ് ഭാവന പാണ്ഡെയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഭാവന പാണ്ഡെ നൽകിയ പരാതിയിലാണ് തട്ടിപ്പുകാരൻ പിടിയിലാകുന്നത്.
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായ കനിഷ്ക് സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, ഉത്തരാഖണ്ഡിൽ പാർട്ടിയിൽ സുപ്രധാന പദവി വാഗ്ദാനം ചെയ്ത് തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഭാവന പാണ്ഡെ പറയുന്നത്. വിശ്വാസം പിടിച്ചു പറ്റാൻ ഇയാൾ മുതിർന്ന നേതാക്കളുടെ ശബ്ദം അടക്കം ഫോണിലൂടെ അനുകരിച്ചും വലയിലായ നേതാക്കളെ പറ്റിച്ചിരുന്നു. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ 2003 മുതൽ 2015 വരെ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന കനിഷ്ക് സിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ലഭിച്ചതായി പ്രതി വെളിപ്പെടുത്തി. തുടർന്ന് പ്രതി കനിഷ്ക് സിംഗിന്‍റെ പേരിൽ ഒരു ട്രൂകോളർ ഐ ഡി നിർമ്മിച്ചു. രാജ്യത്തുടനീളമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ശേഖരിച്ചു. രണ്ടാംനിര നേതാക്കളെ ഉന്നമിട്ടാണ് ഇത്തരം തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam