
കോയമ്പത്തൂർ: വായ്പ നിഷേധിച്ചതിന് പിന്നാലെ ബാങ്കിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയ വ്യവസായി പടിയിൽ. സോമയംപാളയത്തെ കാനറാ ബാങ്കിന്റെ സുങ്കം ബ്രാഞ്ചിലാണ് സംഭവം. സോമയംപാളയത്ത് മോൾഡിങ് യൂണിറ്റ് നടത്തുന്ന വെട്രിവേൽ (44) ആണ് പിടിയിലായത്. ഒരു കോടി രൂപ വായ്പ നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ എയർ ഗണ്ണുമായി ബാങ്കിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വസ്തു പണയപ്പെടുത്തി ആന്ധ്രാ ബാങ്കിൽ നിന്നും വെട്രിവേൽ 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കച്ചവടം മോശമായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. വ്യവസായം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വെട്രിവേൽ വായ്പയെടുക്കാൻ ബാങ്കിനെ സമീപിച്ചതെന്ന് പൊലീസ് പറയുന്നു.
കമ്മീഷൻ നൽകിയാൽ ഒരു കോടി രൂപ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് ഗുണപാലൻ എന്നയാൾ വെട്രിവേലിനെ സമീപിച്ചു. ഇയാളാണ് കാനറാബാങ്ക് ചീഫ് മാനേജർ ചന്ദ്രശേഖറിനെ വെട്രിവേലിന് പരിചയപ്പെടുത്തിയത്. ശേഷം മാർച്ചിൽ ലോണിന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, വെട്രിവേലിന് വായ്പ നൽകാൻ കഴിയില്ലെന്ന് കാനറാ ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.
ഒമ്പത് മാസം കഴിഞ്ഞിട്ടും ലോൺ പാസാകാത്തതിൽ പ്രകോപിതനായാണ് വെട്രിവേൽ തോക്കുമായി ബാങ്കിലെത്തിയത്. ഇയാൾ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ലോൺ പാസാക്കാത്തതിൽ ആദ്യം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും എന്നാൽ, ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കണമെന്ന് ചിന്തിച്ചാണ് ഇയാൾ ഈ നടപടി ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam