'എന്റെ ഭാര്യയും നാലുകുഞ്ഞുങ്ങളും എവിടെ?' ദില്ലി കലാപത്തിൽ കാണാതായ കുടുംബത്തെ തിരക്കി റിക്ഷാവലിക്കാരൻ

By Web TeamFirst Published Mar 2, 2020, 10:07 AM IST
Highlights

ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉള്‍പ്പെടെയുള്ള നാലുമക്കളെയും കലാപം ആരംഭിച്ച അന്ന് മുതൽ കാണാതായതാണ്. മൊയിനുദ്ദീന്റെ വീടും ഉപജീവനമാർ​ഗമായ റിക്ഷയും കലാപത്തിൽ അ​ഗ്നിക്കിരയായി. 


ദില്ലി: കലാപം തകർത്തുകളഞ്ഞ നിരവധി കുടുംബങ്ങളുണ്ട് രാജ്യ തലസ്ഥാനത്ത്. ഫെബ്രുവരി 23 ന് ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത് വരെ തന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാധാനവുമായി കഴിഞ്ഞിരുന്ന വ്യക്തിയാണ് മൊയിനുദ്ദീൻ എന്ന റിക്ഷാവലിക്കാരൻ. എന്നാൽ ഇന്ന് കുഞ്ഞുങ്ങളും ഭാര്യയും എവിടെയാണെന്ന് പോലും അറിയാൻ സാധിക്കാതെ കടത്തിണ്ണയിൽ അഭയം തേടിയിരിക്കുകയാണ് ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീൻ. 

ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉള്‍പ്പെടെയുള്ള നാലുമക്കളെയും കലാപം ആരംഭിച്ച അന്ന് മുതൽ കാണാതായതാണ്. മൊയിനുദ്ദീന്റെ വീടും ഉപജീവനമാർ​ഗമായ റിക്ഷയും കലാപത്തിൽ അ​ഗ്നിക്കിരയായി. ഭക്ഷണത്തിനും പണത്തിനും കഷ്ടപ്പെട്ട്, ഒരു അഴുക്കുചാലിന് സമീപം  സുഹൃത്തിന്റെ കടത്തിണ്ണയിലാണ് മൊയിനുദ്ദീൻ അന്തിയുറങ്ങുന്നത്. 

''എന്റെ കുടുംബത്തെ കുറിച്ച് എനിക്കിതുവരെ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. സാഹചര്യം മോശമാകാന്‍ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു. അതിനു ശേഷം ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ല.'' വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട്  മൊയിനുദ്ദീന്‍ പറയുന്നു. ''എല്ലാവര്‍ക്കും എന്റെ കഥയറിയാം. ഞാനെല്ലാം പോലീസിനോടു പറഞ്ഞു. എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയാല്‍ നോക്കാമെന്നാണ് അവര്‍ പറയുന്നത്. ഒരുപാട് ആളുകള്‍ അവരവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്.''  മൊയിനുദ്ദീന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

അരുണ്‍ കുമാര്‍ എന്ന കടയുടമയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ മൊയിനുദ്ദീന്‍ താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ കടയ്ക്കു പുറത്താണ് മൊയിനുദ്ദീന്‍ കിടക്കുന്നത്. തന്റെ കുടുംബത്തെ കുറിച്ച് എവിടെ നിന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനുള്ള കഠിനശ്രമത്തിലാണ് മൊയിനുദ്ദീനെന്ന് അരുണ്‍ കുമാര്‍ പറയുന്നു. ''2013 മുതല്‍ എനിക്ക് മൊയിനുദ്ദീനെ അറിയാം. ആറുക്കളില്‍ നാലുപേരെയും ഭാര്യയെയും കാണാതായെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളാണ് ഇപ്പോള്‍ മൊയിനുദ്ദീനെ സംരക്ഷിക്കുന്നത്. അത് തുടരുകയും ചെയ്യും.'' അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

പൗരത്വ നിയമ ഭേദ​ഗതി വിഷയത്തിൽ ദില്ലിയിൽ‌ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 46 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരുനൂറിലധികം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാല് ​ദിവസം നീണ്ടുനിന്ന അക്രമങ്ങളിൽ നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. പരിക്കറ്റവർക്കും കൊല്ലപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.  

click me!