
മുംബൈ: മാൻഹോളിൽ വീണയാൾക്കെതിരെ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടപടിയെടുത്തു. കോർപ്പറേഷനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് മാൻഹോളിൽ വീണ സമീർ അറോറ എന്നയാൾക്കെതിരെയാണ് മുംബൈ കോർപ്പറേഷൻ പൊലീസില്‍ പരാതി നല്‍കിയത്.
മുംബൈയിലെ ലോവർ പാരൽ ഏരിയയ്ക്ക് സമീപത്ത് തുറന്ന് കിടക്കുന്ന മാൻഹോളിലാണ് സമീർ വീണത്. മാൻഹോളിലേക്ക് കാൽ വഴുതി വീണ സമീർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏപ്രിൽ 25-നാണ് സംഭവം. അപകടത്തെക്കുറിച്ച് സമീറിന്റെ സുഹൃത്ത് നീരജ് ഭാദ്ര ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭദ്രയുടെ ട്വീറ്റിന് മറുപടിയുന്നതിനിടെയാണ് സമീർ കോർപ്പറേഷനെ പരിഹസിച്ച് രംഗത്തെത്തിയത്.
ഓവുചാലിൽനിന്ന് കോർപ്പറേഷൻ തന്റെ സാംസങ് മൊബൈൽ ഫോൺ കണ്ടെത്തുകയാണെങ്കിൽ തന്റെ പരാതിക്കൊപ്പം സൂക്ഷിക്കാമെന്നായിരുന്നു സമീറിന്റെ ട്വീറ്റ്. ജനങ്ങൾ കോർപ്പറേഷൻ ജീവനക്കാരിൽ ചിലരെ തുറന്ന മാൻഹോളിൽ പിടിച്ചിടൂ, എന്നായിരുന്ന ഭദ്രയുടെ ട്വീറ്റ്. കോർപ്പറേഷന്റെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങി. ഇതിന് പിന്നാലെ കോർപ്പറേഷന്റെ പ്രതിഛായ തകർത്തെന്ന് ആരോപിച്ച് സമീറിനും മറ്റ് ചിലർക്കെതിരേയും കോർപ്പറേഷൻ പരാതി നല്‍കിയത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി കോർപ്പറേഷൻ രംഗത്തെത്തി. സ്വകാര്യ സൊസൈറ്റിയുടെ പരിസരത്താണ് മാൻഹോൾ സ്ഥിതി ചെയ്യുന്നതെന്നും കോർപ്പറേഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് സമീറിനും മറ്റുള്ളവർക്കുമെതിരെ നോട്ടീസ് അയക്കുമെന്നും കോർപ്പറേഷൻ അധികാരികൾ അറിയിച്ചു. ഇത് കൂടാതെ മാൻഹോൾ അടച്ചുവയ്ക്കാത്തതിൽ സ്വകാര്യ സൊസൈറ്റിക്കേ കോർപ്പറേഷൻ നോട്ടീസ് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam