
ഹരിദ്വാർ: ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിദ്വാറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാല് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും ദീർഘകാലമായി ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശികളായ ഇവർ ഹരിദ്വാറിൽ ജോലി സ്ഥലത്തിനടുത്താണ് താമസിച്ചിരുന്നത്.
പ്രദീപ് പാൽ (28) എന്ന യുവാവാണ് 22കാരിയായ ഹൻസിക യാദവിനെ ഹരിദ്വാറിലെ സിദ്കുൽ എന്ന് സ്ഥലത്തുവെച്ച് തിങ്കളാഴ്ച ഉച്ചയോടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കമൽ ഭണ്ഡാരി പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ചില പ്രശ്നങ്ങളെ തുടർന്ന് ഇവർ അകന്ന് കഴിയുകയായിരുന്നു എന്നാണ് വിവരം. സിദ്കുലിലെ ഒരു ഫാക്ടറിയിൽ ജോലി ചെയുകയായിരുന്ന ഹൻസിക, ജോലിക്കായി പുറത്തേക്ക് പോകുമ്പോൾ പ്രദീപ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. അതിനുശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.
ഹൻസികയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒളിവിൽപോയ പ്രദീപിനെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൻസികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവ് സംശയിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam